എംബസിക്കു മുന്നിലെ സ്ഫോടനം:ഇറാൻ ബന്ധമെന്ന് സംശയം; ഭീകരാക്രമണമെന്ന് ഇസ്രായേൽ
text_fieldsന്യൂഡൽഹി: ഇസ്രായേൽ എംബസിക്കു മുന്നിൽ വെള്ളിയാഴ്ച വൈകീട്ടു നടന്ന ചെറുസ്ഫോടനത്തിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്ന് ഡൽഹി പൊലീസിെൻറയും ഇസ്രായേലിെൻറയും നിഗമനം. ഇറാൻ പൗരന്മാരടക്കം ഏതാനും പേരെ ഡൽഹി പൊലീസ് ചോദ്യംചെയ്തു. ഭീകരാക്രമണംതന്നെയാണ് നടന്നതെന്ന് ഇസ്രായേൽ അംബാസഡർ റോൺ മൽക ആരോപിച്ചു.
ഭീകരാക്രമണമാണ് നടന്നതെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഇസ്രായേൽ അംബാസഡർ റോൺ മൽക പറഞ്ഞു. ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഏതാനും ആഴ്ചകളായി അതിജാഗ്രത പാലിക്കുന്നുണ്ടായിരുന്നതിനാൽ അമ്പരപ്പ് തോന്നുന്നില്ല. 2012ൽ ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആക്രമണത്തിന് ഇതുമായുള്ള ബന്ധം അടക്കം വിവിധ മാനങ്ങൾ അന്വേഷിക്കാനുണ്ട്. പശ്ചിമേഷ്യയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്നും അംബാസഡർ സംശയം പ്രകടിപ്പിച്ചു.
സ്ഫോടന സ്ഥലത്തുനിന്ന് ഒരു കവറിൽ എഴുതിയ കുറിപ്പ് ഡൽഹി പൊലീസ് സ്പെഷൽ സെൽ കണ്ടെടുത്തു. ഇസ്രായേൽ എംബസിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് തെളിവുശേഖരണം തുടരുന്നു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പലതും കേടായിരുന്നു. കിട്ടിയ ചില ദൃശ്യങ്ങൾപ്രകാരം സംശയാസ്പദമായി ഒരു വാഹനം കടന്നുപോകുന്നുണ്ട്.
കത്തിൽ 'ട്രെയിലർ' എന്ന് എഴുതിയതായി പറയുന്നുണ്ട്. ഇറാെൻറ ഉന്നത സൈനികമേധാവി ഖാസിം സുലൈമാനിയുടെയും ആണവശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദയുടെയും കൊലപാതകങ്ങളെ സംബന്ധിച്ചും പരാമർശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതുതരം സ്ഫോടകവസ്തുവാണ് ഉപയോഗിച്ചത് എന്നറിയാൻ ദേശീയ സുരക്ഷസേന (എൻ.എസ്.ജി) സംഘം സംഭവസ്ഥലം സന്ദർശിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഉന്നത നേതാക്കൾ റിപ്പബ്ലിക് വാർഷികാഘോഷ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ്, ഏതാനും കിലോമീറ്റർ അകലെ ഇസ്രായേൽ എംബസിക്കു മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് 5.05ന് ചെറുസ്ഫോടനം നടന്നത്. ആർക്കും പരിക്കില്ല. നാശനഷ്ടങ്ങളുമില്ല. 20 മീറ്ററിനപ്പുറത്തേക്ക് സ്ഫോടനത്തിന് വ്യാപ്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.