വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി ഡൽഹി ബജറ്റ്
text_fieldsന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കൊടുവിൽ ബുധനാഴ്ച ഡൽഹി സർക്കാറിന്റെ ബജറ്റ് അവതരിപ്പിച്ചു. ചൊവ്വാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബജറ്റ് കേന്ദ്ര വിലക്കിനെ തുടർന്നാണ് ഒരു ദിവസം വൈകിയത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലക്ക് മുൻതൂക്കം നൽകിയുള്ളതായിരുന്നു ധനവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കൈലാശ് ഗെഹ്ലോട്ട് അവതരിപ്പിച്ച ബജറ്റ്. 16,575 കോടി രൂപയാണ് വിദ്യാഭ്യാസത്തിന് വകയിരുത്തിയത്.
സർക്കാർ സ്കൂളുകളിൽ 20 വീതം കമ്പ്യൂട്ടർ, അധ്യാപകർക്ക് ടാബ് തുടങ്ങിയവ അനുവദിക്കും. 9,742 കോടി രൂപയാണ് ആരോഗ്യ മേഖലക്ക് നീക്കിവെച്ചത്. 100 പുതിയ വനിത മൊഹല്ല ക്ലിനിക്കുകൾ ആരംഭിക്കും. ഒമ്പത് പുതിയ ആശുപത്രികൾ തുടങ്ങും. ഇതിൽ നാലെണ്ണം ഈ വർഷം തന്നെ പ്രവർത്തിച്ചു തുടങ്ങും. സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം ഇരട്ടിയാക്കും. സൗജന്യ പരിശോധനകൾ കൂട്ടും.
പൊതു ഗതാഗതത്തിന് 9,333 കോടി, ജലവിഭവം 6,342 കോടി, സാമൂഹ്യ സുരക്ഷക്ക് 4,744 കോടി, ഊർജം 3,348 കോടി തുടങ്ങി ആകെ 78,800 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
ഉപമുഖ്യമന്ത്രിയും ധനവകുപ്പിന്റെ ചുമതലയും വഹിച്ചിരുന്ന മനീഷ് സിസോദിയ അറസ്റ്റിലാകുകയും രാജിവെക്കുകയും ചെയ്തതോടെയാണ് കൈലാശ് ഗെഹ്ലോട്ടിനു ധനവകുപ്പു കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.