വാഗ്ദാനം പഠിച്ചശേഷം തുടർനടപടിയെന്ന് കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വാഗ്ദാനം പഠിച്ചശേഷം രണ്ടു ദിവസത്തിനകം തുടർന്നനടപടികൾ സീകരിക്കുമെന്ന് കർഷക നേതാക്കൾ. ഇതിന്റെ ഭാഗമായി ഫെബ്രുവരി 21വരെ ദില്ലി ചലോ മാർച്ച് നിർത്തിവെക്കും. തീരുമാനം ആകുന്നതുവരെ പഞ്ചാബിൽ നിന്നുള്ള കർഷകർ അതിർത്തിയിൽ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ചണ്ഡിഗഢില്‍ കർഷക നേതാക്കളുമായി നാലാംവട്ട മന്ത്രിതല ചര്‍ച്ച നടന്നിരുന്നു. ധാന്യങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാനായി എൻ.സി.സി.എഫ്, നാഫെഡ് സഹകരണ സംഘങ്ങളോട് കർഷകരുമായി അഞ്ചുവർഷത്തെ കരാറിൽ ഏർപ്പെടാമെന്നാണ് കേന്ദ്ര നിർദേശങ്ങളിൽ ഒന്ന്. പരുത്തി വാങ്ങാൻ കർഷകരുമായി കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ അഞ്ചു വർഷത്തെ കരാറിൽ ഏർപ്പെടാമെന്നും ഉറപ്പുനൽകി. ചോളവും സർക്കാർ ഏജൻസി വാങ്ങാമെന്ന് അറിയിച്ചു.
കാർഷിക, നിയമവിദഗ്ധരുടെ അഭിപ്രായം തേടിയശേഷം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് നിലവിൽ കർഷകർ സീകരിച്ച നിലപാട്. അതുവരെ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണ്. നിര്‍ദേശങ്ങൾ തൃപ്തികരമല്ലെങ്കില്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് മാര്‍ച്ച് വീണ്ടും തുടരും. തങ്ങളുടെ മറ്റാവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷക നേതാവ് പന്ഥേര് പറഞ്ഞു.കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ട, നിത്യാനന്ദ് റായ്, പീയൂഷ് ഗോയല്‍ എന്നിവരാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും നൂതനമായ ആശയങ്ങളാണ് സർക്കാർ നിർദേശിച്ചിട്ടുള്ളതെന്ന് ചർച്ചശേഷം കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. രണ്ട് സര്‍ക്കാര്‍ ഏജന്‍സികളെ നിയോഗിച്ച് നിര്‍ദേശങ്ങളില്‍ മേല്‍നോട്ടം വഹിക്കും. നാഷനല്‍ കോഓപറേറ്റിവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്, നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ കോഓപറേറ്റിവ് സൊസൈറ്റികള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പയറുവര്‍ഗങ്ങള്‍ ഉൽപാദിപ്പിക്കുന്ന കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടുമെന്നും കര്‍ഷകര്‍ സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സമരത്തിൽ പങ്കെടുത്ത ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബിൽ ബി.ജെ.പി നേതാക്കളുടെ വീടുകൾ ഉപരോധിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന 43കാരനായ നരീന്ദർ സിങ്പാൽ ആണ് ഹൃദയാഘാതം മൂലം തിങ്കളാഴ്ച മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം രണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.