Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകരുടെ ഡൽഹി മാർച്ച്...

കർഷകരുടെ ഡൽഹി മാർച്ച് അതിർത്തിയിൽ തടഞ്ഞു; കണ്ണീർ വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്

text_fields
bookmark_border
കർഷകരുടെ ഡൽഹി മാർച്ച് അതിർത്തിയിൽ തടഞ്ഞു;   കണ്ണീർ വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്
cancel

ന്യൂഡൽഹി: വിളകളുടെ മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് അടക്കം നിരവധി ആവശ്യങ്ങളുമായി കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് ശംഭു അതിർത്തിയിൽ തടഞ്ഞതിനെ തുടർന്ന് പ്രക്ഷുബ്ധമായി. ഹരിയാനയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് ഡൽഹിയിലേക്ക് കാൽനടയായി ആരംഭിച്ച മാർച്ച് ഏതാനും മീറ്റർ അകലെ ബഹുനില ബാരിക്കേഡ് ഉപയോഗിച്ച് ഹരിയാന പോലീസ് തടയുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

പൊലീസ് കർഷകരോട് കൂടുതൽ മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രകാരം നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കർഷക സംഘടനകളുടെ പതാകകൾ ഉയർത്തി അവശ്യ സാധനങ്ങളുമായുള്ള ജാഥ തുടക്കത്തിലെ ബാരിക്കേഡുകൾ അനായാസം കടന്നെങ്കിലും തുടർന്ന് മുന്നോട്ട് പോകാനായില്ല.

ശംഭുവിൽനിന്ന് ഡൽഹിയിലേക്കുള്ള ദേശീയ പാത 44ൽ നിരവധി തടസ്സങ്ങളാണ് പൊലീസ് തീർത്തത്. ഏതാനും കർഷകർ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപിച്ച ഇരുമ്പ് മെഷ്, ഘഗ്ഗർ നദിക്ക് കുറുകെ നിർമിച്ച പാലത്തിൽ നിന്ന് തള്ളിയിട്ടു. മറ്റുള്ളവർ റോഡിൽ തറച്ച ഇരുമ്പ് ആണികൾ പിഴുതെറിഞ്ഞു. പ്രതിഷേധക്കാരിൽ ഒരാൾ സുരക്ഷാ സേന നിലയുറപ്പിച്ചിരുന്ന തകരയുടെ മേൽക്കൂരയിൽ കയറിയെങ്കിലും നിർബന്ധിച്ച് താഴെയിറക്കി. ശംഭു അതിർത്തിയിൽ പത്ത് കമ്പനി അർധ സൈനികരെയും ജലപീരങ്കി വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.

അംബാല ജില്ലയിലെ 11 ഗ്രാമങ്ങളിൽ ഡിസംബർ 9 വരെ മൊബൈൽ ഇന്‍റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ ഹരിയാന സർക്കാർ നിർത്തിവച്ചു. അംബാലയിലെ ദംഗ്‌ദേഹ്‌രി, ലോഹ്‌ഗർ, മനക്‌പൂർ, ദാദിയാന, ബാരി ഗെൽ, ലാർസ്, കാലു മജ്‌റ, ദേവി നഗർ, സദ്ദോപൂർ, സുൽത്താൻപൂർ, കക്രു ഗ്രാമങ്ങളിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ജില്ലയിൽ അഞ്ചോ അതിലധികമോ ആളുകൾ അനധികൃതമായി ഒത്തുകൂടുന്നത് നിരോധിച്ചു. നേരത്തെ അംബാലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചുപൂട്ടാൻ ജില്ലാ അധികൃതർ ഉത്തരവിട്ടിരുന്നു.

സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും ബാനറിനു കീഴിൽ ഒത്തുകൂടിയ കർഷകർ വിളകളുടെ മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിനും ഹരിയാനക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിന്‍റുകളിൽ ഇവർ ക്യാമ്പ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് മാർച്ച് ആരംഭിച്ചു. ഏതാനും മീറ്ററുകൾ പിന്നിട്ട ശേഷം, ഹരിയാന സർക്കാർ സ്ഥാപിച്ച ബഹുതല ബാരിക്കേഡിന് സമീപം നിർത്താൻ അവർ നിർബന്ധിതരായി.

കർഷക നേതാവ് സർവാൻ സിങ് പന്ഥർ ജാഥയുടെ ഭാഗമായ 101 കർഷകരെ ‘ഒരു കാരണത്തിനുവേണ്ടി മരിക്കാൻ തയ്യാറുള്ളവർ’ എന്നർഥം വരുന്ന ‘മർജീവ്രാസ്’ എന്ന് വിശേഷിപ്പിച്ചു. കാൽനടയായി പോലും മാർച്ച് ചെയ്യാൻ അനുവദിക്കാത്ത ഹരിയാന സർക്കാറിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മാർച്ച് നടത്തുന്നതിൽ നിന്ന് സർക്കാർ അവരെ തടഞ്ഞാൽ അത് കർഷകരുടെ ധാർമിക വിജയമാകുമെന്ന് പാന്ഥർ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.‘കർഷകർ ട്രാക്ടറും ട്രോളികളും കൊണ്ടുവന്നില്ലെങ്കിൽ എതിർക്കേണ്ടതില്ലെന്ന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അവരുടെ നേതാക്കൾ സ്ഥിരമായി പറയുന്നുണ്ട്. ഞങ്ങൾ കാൽനടയായി ദില്ലിയിലേക്ക് പോയാൽ തടയാൻ അതിനാൽ ഒരു കാരണവുമില്ല’ -അദ്ദേഹം പറഞ്ഞു.

സിഖ് ഗുരു തേജ് ബഹാദൂറി​ന്‍റെ രക്തസാക്ഷിത്വ ദിനവും അതിർത്തി പോയിന്‍റുകളിൽ കർഷകർ ആചരിച്ചു. അതേസമയം, എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ഖനൗരി അതിർത്തി പോയന്‍റിൽ മരണം വരെ നിരാഹാരം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tear GasFarmers Marchpolice fireShambhu border
News Summary - 'Delhi Chalo' march: Farmers stopped at Shambhu border, police fire tear gas shells
Next Story