ദില്ലി ചലോ മാർച്ച്: കർഷകന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം
text_fieldsന്യൂഡൽഹി: ന്യായമായ താങ്ങുവില ആവശ്യപ്പെട്ട് ആരംഭിച്ച ദില്ലി ചലോ മാർച്ചിനുനേരെയുണ്ടായ ഹരിയാന പൊലീസ് അതിക്രമത്തിൽ കർഷകൻ ശുഭ്കരൺ സിങ് (21) കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ്-ഹരിയാന ഹൈകോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വേഷണം പഞ്ചാബ്, ഹരിയാന സർക്കാറുകൾക്ക് കൈമാറാനാവില്ലെന്ന് വ്യക്തമാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിരമിച്ച ഹൈകോടതി ജഡ്ജിയും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ എ.ഡി.ജി.പി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരുമടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ ഹരിയാന സർക്കാറിനെ കോടതി വിമര്‍ശിച്ചു. എന്തുതരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചതെന്ന് കോടതി ചോദിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും എന്തിനാണ് സമരത്തില്‍ മുന്നില്‍ നിര്‍ത്തിയതെന്ന് സമരക്കാരോട് കോടതി ചോദിച്ചു.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ കനൗരിയിൽ ഹരിയാന പൊലീസ് അതിക്രമത്തിൽ തലക്കു പരിക്കേറ്റ് ഫെബ്രുവരി 21നാണ് ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്. തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലും പറയുന്നു. തലയോട്ടിയില്‍ രണ്ടു മുറിവുകളുണ്ട്. മെറ്റല്‍ പെല്ലറ്റുകളും കണ്ടെത്തി.
മരണത്തിൽ ഹരിയാന പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഒരാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിച്ചിരുന്നില്ല. ശുഭ്കരണിന്റെ പിതാവ് നൽകിയ പരാതിയിൽ അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കാൻ കർഷകരും കുടുംബവും തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.