സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കർഷകർ; കരുതലായി ആറുമാസത്തേക്കുളള ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിച്ചാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കർഷകർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
കേന്ദ്രസർക്കാറിൻറെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയാണ് വിവിധ സംസ്ഥാനങ്ങളിലെ കർഷകരുടെ പ്രതിഷേധം. വ്യാഴാഴ്ച മുതൽ പ്രതിഷേധിക്കുന്നതിനായി കർഷകർ കാൽനടയായും ട്രാക്ടറുകളിലുമായും ഡൽഹിയിലേക്ക് എത്തുകയായിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഗ്രനേഡും കണ്ണീർ വാതകവും ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൂടുതൽ കർഷകർ രാജ്യതലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ഡൽഹി -ഹരിയാന അതിർത്തയിലെ സിംഖുവിലാണ് നിലവിൽ കർഷകർ തമ്പടിച്ചിരിക്കുന്നത്. ബുരാരി മൈതാനത്ത് പ്രതിേഷധത്തിന് അനുമതി നൽകിയെങ്കിലും അവിടേക്ക് പോകാൻ കർഷകർ വിസമ്മതിക്കുകയായിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ മാസങ്ങളോളം ഡൽഹിയിൽ കഴിയാൻ തയാറായാണ് എത്തിയിരിക്കുന്നതെന്ന് കർഷകർ പറയുന്നു. 'ഞങ്ങളെല്ലാവരും ആറുമാസം ഡൽഹിയിൽ കഴിയാൻ ആവശ്യമായ തയാറെടുപ്പോടെയാണ് എത്തിയിരിക്കുന്നത്. ഞങ്ങളെ കേൾക്കാൻ തയാറായില്ലെങ്കിൽ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കാലം ഇവിടെതന്നെ കഴിയും' -കർഷകനായ ദിൽബഗ് സിങ് പറയുന്നു. തങ്ങൾ കൊണ്ടുവന്ന ട്രക്കുകളിൽ ആവശ്യത്തിന് റേഷനും അവശ്യ വസ്തുക്കളും കരുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രക്കിന് അകത്ത് ഗോതമ്പ്, ധാന്യം, ഉരുളകിഴങ്ങ് തുടങ്ങിയ ചാക്കിലാക്കി വെച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി സ്റ്റൗവും പാത്രങ്ങളും ട്രക്കിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ പുതപ്പും മറ്റും ട്രക്കിന് പുറത്ത് മടക്കിവെച്ചിട്ടുണ്ടെന്നും കർഷകർ പറയുന്നു. മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്നതിനായി കൂടുതൽ ബാറ്ററികളും ചാർജിങ് സംവിധാനവും കർഷകരുടെ കൈവശമുണ്ട്. വെള്ളടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് കഴിയാൻ ആവശ്യമായ മറ്റു സൗകര്യങ്ങൾ സന്നദ്ധ സംഘടനകൾ തയാറാക്കി നൽകുമെന്നും കർഷകർ പറയുന്നു.
'ഞങ്ങൾ ഒരിക്കലും ബുരാരിയിലെ നിരങ്കാരി മൈതാനത്തേക്ക് പോകില്ല. കാരണം ഒരിക്കൽ ഞങ്ങൾ അവിടെ പോയിരുന്നാൽ അവിടെ ദിവസങ്ങളോളം ഇരിക്കേണ്ടിവരും. മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇവിടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഇവിടെ സ്വാധീനം ചെലുത്താനാകും' -24 കാരനായ ഹർവിന്ദർ സിങ് പറയുന്നു.
കോവിഡ് 19നെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കർഷകർ പറയുന്നു. തങ്ങളുടെ ജീവിതം തന്നെ വഴിമുട്ടി നിൽക്കുേമ്പാൾ കൊറോണ വൈറസിനെ പേടിയില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. 'കഴിഞ്ഞ ഒന്നുരണ്ടുമാസമായി പഞ്ചാബിൽ ഞങ്ങൾ സമരത്തിലായിരുന്നു. അപ്പോൾ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല. അപ്പോൾ ഇപ്പോൾ ഇങ്ങനെ കോവിഡ് 19 സംഭവിക്കുമെന്ന് പറയാൻ കഴിയും. രണ്ടാമത്തെ കാര്യം ഞങ്ങളുടെ ജീവിത രീതിയിലൂടെ ശരീരത്തിൽ ആവശ്യത്തിനുള്ള പ്രതിരോധ ശേഷിയുണ്ട്. മൂന്നാമതായി ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ, ഞങ്ങൾ എന്തായാലും മരിക്കും, കോർപറേറ്റുകൾ ഞങ്ങളെ ചൂഷണം ചെയ്തുകൊല്ലും' -പഞ്ചാബിൽനിന്നുള്ള 50കാരനായ രഘുവീർ സിങ് പറയുന്നു.
കർഷകർക്ക് പിന്തുണയുമായി ഡൽഹി അതിർത്തിയിൽ പെൺകുട്ടികളും വിവിധ സർവകലാശാല വിദ്യാർഥികളും തമ്പടിച്ചിട്ടുണ്ട്. 'ഈ നിയമം ഞങ്ങളെയും കുടുംബത്തെയും പരോക്ഷമായി ബാധിക്കും... ഞങ്ങളുടെ വിദ്യാഭ്യാസത്തെയും' -വിദ്യാർഥിയായ അർപൻ പറയുന്നു. തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കാനാണ് ഡൽഹിയിലെത്തിയതെന്നും അടിച്ചമർത്താൻ ശ്രമിച്ചാലും പിന്നോട്ടില്ലെന്നും കർഷകരും കർഷകർക്ക് പിന്തുണയുമായി എത്തിയ വിദ്യാർഥികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.