ഡൽഹി ആശുപത്രി തീപിടിത്തം: ഉടമയും ഡോക്ടറും പൊലീസ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഏഴ് നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ ആശുപത്രി ഉടമയെയും ഡ്യൂട്ടി ഡോക്ടറെയും കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആശുപത്രി ഉടമ ഡോ. നവീൻ ഖിച്ചി, ഡ്യൂട്ടി ഡോക്ടർ ആകാശ് എന്നിവരെയാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിധി ഗുപ്ത പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഞായറാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അഗ്നിരക്ഷാ വകുപ്പിന്റെ അനുമതിയും ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിനിടെ, തീപിടിത്തത്തിൽ മരിച്ച ഏഴ് നവജാത ശിശുക്കളിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. തീപിടിത്തത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു നവജാതശിശു മരിച്ചതായി പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.