ആറ് നവജാതശിശുക്കൾ തീപിടിത്തത്തിൽ മരിച്ച സംഭവം: ലൈസൻസില്ലാതെ ഉടമ നടത്തുന്നത് മൂന്ന് ആശുപത്രികൾ
text_fieldsന്യൂഡൽഹി: ആറ് നവജാതശിശുക്കൾ തീപിടിത്തത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ തെളിയുന്നത് വൻ തട്ടിപ്പിന്‍റെ വിവരങ്ങൾ. ആശുപത്രി ഉടമ മൂന്ന് ആശുപത്രികൾ ലൈസൻസില്ലാതെ നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) ഉടമക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച വിവേക് വിഹാർ ബ്ലോക്ക് സി.യിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ഏതാനും മീറ്ററുകൾ മാത്രം അകലെ ബ്ലോക്ക് ബി.യിൽ നിയമവിരുദ്ധമായി മറ്റൊരു കുട്ടികളുടെ ആശുപത്രി നടത്തുന്നതിന് 2018-ൽ ഉടമ ഡോ. നവീൻ ഖിച്ചിക്കെതിരെ ഡി.ജി.എച്ച്.എസ് കോടതിയെ സമീപിച്ചിരുന്നു. നിയമ ലംഘനങ്ങളുടെ പേരിൽ 2019ൽ ലൈസൻസ് റദ്ദാക്കിയിട്ടും പശ്ചിം പുരിയിലെ ആശുപത്രിയുടെ പ്രവർത്തനം തുടർന്നു. വർഷങ്ങൾക്കുശേഷം 2022-ൽ ലൈസൻസ് ലഭിക്കുന്നത് വരെ നിയമവിരുദ്ധമായി ആശുപത്രി പ്രവർത്തിച്ചിരുന്നു.
നവീൻ ഖച്ചിയെ കൂടാതെ ഭാര്യയും ദന്തരോഗ ഡോക്ടറുമായ ജാഗ്രതിയും ചേർന്നാണ് ആശുപത്രികൾ നടത്തിയിരുന്നത്. ബേബി കെയർ ന്യൂ ബോൺ ഹോസ്പിറ്റൽ എന്ന പേരിൽ പഞ്ചാബി ബാഗ്, ഡൽഹി, ഫരീദാബാദ്, ഗുർഗാവ് എന്നിവിടങ്ങളിലും ഇയാൾക്ക് പങ്കാളിത്തമുള്ള ആശുപത്രികളുണ്ടെന്നാണ് വിവരം.
ദാരുണ സംഭവത്തിന് പിന്നാലെ, ആശുപത്രി ഉടമ ഡോ. നവീൻ ഖിച്ചി, ഡോ. ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ആശുപത്രിയിൽ എമർജൻസി എക്സിറ്റ് സംവിധാനമില്ലെന്ന് ദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.