പള്ളി തകർത്ത സംഭവം മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം -കെ.സി. വേണുഗോപാൽ എം.പി
text_fieldsന്യൂഡൽഹി: അന്ധേരിയ മോഡിലുള്ള സീറോ മലബാർ ലിറ്റിൽ ഫ്ലവർ കത്തോലിക്കാ ദേവാലയവും അനുബന്ധ സ്ഥാപനങ്ങളും ഇടിച്ചുനിരത്തിയ സംഭവം രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും വിശ്വാസ സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മത ന്യൂനപക്ഷങ്ങൾക്കെതിരെ എന്ത് അതിക്രമം കാട്ടിയാലും കേന്ദ്ര ഭരണകൂടത്തിന്‍റെ സംരക്ഷണമുണ്ടാകുമെന്ന വിശ്വാസമാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അംബേദ്കർ കോളനിയിലുള്ള പള്ളിയിൽ ആരാധന തടയുകയോ പള്ളി ഇടിച്ചുനിരത്തുകയോ ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെയും ഉത്തരവുകളുണ്ടായിരുന്നു. ഇതിനെ മറികടന്നാണ് ഡൽഹി റവന്യു ഉദ്യോഗസ്ഥരുടെ പ്രാകൃത നടപടിയെന്നത് ജനാധിപത്യ ബോധമുള്ളവരെ ഞെട്ടിക്കുന്നു. ഇടവകാംഗം നൽകിയ സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്തത്.
ഫരീദാബാദ് രൂപതയുടെ കീഴിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ അന്ധേരിയ മോഡിലുള്ള ചർച്ചിൽ 450ലേറെ കുടുംബങ്ങൾ വിശ്വാസികളായുണ്ട്. ആരാധനാലയം ഇടിച്ചുനിരത്തിയ നടപടിയെ നിസാരവത്കരിക്കാൻ സാധിക്കില്ല. രാജ്യത്തിന്‍റെ മതേതരത്വത്തിന് നേരെ ഉയർന്ന വെല്ലുവിളിയാണ് ഈ നടപടി.
ക്രൈസ്തവ സഹോദരങ്ങൾക്കുണ്ടായ മുറിവ് ഉണക്കാനും പള്ളി പുനർ നിർമ്മിക്കാനും സർക്കാർ സത്വര നടപടി സ്വീകരിക്കണം. സംഘപരിവാർ വിധ്വംസക രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയും മറ്റൊരു അയോധ്യയുമായി രാജ്യതലസ്ഥാനത്തെ മാറ്റാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.