നായയുടെ കടിയേറ്റ സംഭവങ്ങൾ കൂടുന്നു; വളർത്തുമൃഗങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമെന്ന് ഡൽഹി കോർപ്പറേഷൻ
text_fieldsന്യൂഡൽഹി: നായയുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിനാൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനു കീഴിലുള്ളവർ അവരവരുടെ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമായി പൂർത്തിയാക്കണമെന്ന് അധികൃതർ. രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകി.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ വളർത്തു നായ്ക്കളുടെ രജിസ്ട്രഷൻ ആവശ്യപ്പെട്ടുള്ള നിയമമുണ്ടെങ്കിലും ആളുകൾ അത് അനുസരിക്കുന്നില്ലെന്ന് വെറ്ററിനറി വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
നോയിഡയിലും ഗാസിയാബാദിലും മറ്റ് ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നായ കടി സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വളർത്തുനായ്ക്കളെ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വളർത്തുനായയെ പൊതു സ്ഥലത്ത് കണ്ടാൽ അവയെ കസ്റ്റഡിയിലെടുക്കാൻ മുൻസിപ്പൽ കോർപ്പറേഷന് അധികാരമുണ്ട്. തെരുവ് നായ്ക്കളെ വളർത്തുമൃഗങ്ങളായി ദത്തെടുത്തവർക്കും രജിസ്ട്രേഷൻ ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.
രജിസ്ട്രേഷൻ നടത്തിയാൽ മാത്രമേ പേ വിഷബാധക്കെതിരെ വാക്സിൻ എടുത്ത വളർത്തു നായക്കളുടെ എണ്ണം കൃത്യമായി സൂക്ഷിക്കാനാകൂ. വളർത്തു മൃഗങ്ങൾക്ക് നൽകിയ രജിസ്ട്രേഷൻ നമ്പറിന്റെ സഹായത്തോടെ കാണാതായ ഓമനകളെ കണ്ടെത്താനും സാധിക്കും.
രജിസ്ട്രേഷന് ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആന്റി റാബിസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മൃഗത്തിന്റെ ഫോട്ടോ, റസിഡൻസ് പ്രൂഫ്, ഉടമയുടെ തിരിച്ചറിയൽ രേഖ എന്നിവ ഉൾപ്പെടുന്ന രേഖകളാണ് സമർപ്പിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.