ജയിലിൽനിന്ന് വീണ്ടും ഉത്തരവിറക്കി കെജ്‌രിവാൾ; രാജിവെക്കാത്ത അത്യാഗ്രഹിയെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരിക്കെ രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പിനാണ് ജയിലിൽനിന്ന് കെജ്‌രിവാൾ നിർദേശം നൽകിയത്.
നേരത്തെ, ജലവിഭവ വകുപ്പിലെ നടപടികൾക്കായിട്ടായിരുന്നു കെജ്‌രിവാൾ ജയിലിൽനിന്ന് ആദ്യ നിർദേശം നൽകിയത്. ഉത്തരവ് എങ്ങിനെ നൽകിയെന്നതിൽ അന്വേഷണം നടത്തുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വീണ്ടും ഉത്തരവ് നൽകിയത്.
ഇതോടെ, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. അറസ്റ്റിലായിട്ടും ഡൽഹി മുഖ്യമന്ത്രിയായി തുടരാനുള്ള കെജ്‌രിവാളിന്‍റെ നീക്കം അദ്ദേഹത്തിന്‍റെ അത്യാഗ്രഹമാണ് ഇത് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ഹർഷവർദ്ധൻ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലാണ്. ധാർമികമായി രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണം. അരവിന്ദ് കെജ്‌രിവാൾ ഇപ്പോഴും തന്‍റെ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം അത്യാഗ്രഹിയാണെന്നും തന്‍റെ അരക്ഷിതാവസ്ഥ കാരണം കസേര ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതുമാണ് കാണിക്കുന്നത് -ഹർഷവർദ്ധൻ പറഞ്ഞു.
ഒരു മുഖ്യമന്ത്രിക്ക് ജയിലിൽ നിന്ന് ഒരു നിർദ്ദേശവും നൽകാൻ കഴിയില്ല. ഇത് നാടകമാണ്. കർശന നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. 14 മാസമായി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കാത്ത അഴിമതി കേസിൽ കെജ്‌രിവാൾ ജയിലിലാണ്. മദ്യ കുംഭകോണത്തിലെ രാജാവാണ് കെജ്‌രിവാൾ. അഴിമതി ആരോപണങ്ങൾ നേരിടുന്നവർ രാജിവയ്ക്കണമെന്ന് കെജ്‌രിവാൾ പറയാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം രാജിവെക്കുന്നില്ല. ഇരയുടെ കാർഡ് കളിക്കാനാണ് കെജ്‌രിവാൾ ശ്രമിക്കുന്നത് -മറ്റൊരു ബി.ജെ.പി നേതാവ് ഹരീഷ് ഖുറാന കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.