അതിഷി ഉടൻ അറസ്റ്റിലായേക്കാമെന്ന് കെജ്രിവാൾ; 'എ.എ.പി നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകൾ നടക്കും'
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഏതുനിമിഷവും ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന അറസ്റ്റിലാവുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കെട്ടിച്ചമച്ച കേസുകളിൽ അതിഷിയെ അകത്താക്കാൻ കേന്ദ്രത്തിന്‍റെ അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്.
'ഞാനും സൗരഭ് ഭരദ്വാജും ഉൾപ്പെടെയുള്ള ആം ആദ്മി നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകൾ നടത്താൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ കുടുക്കാനാണ് നീക്കം. അതിഷിയെ ജയിലിലടക്കാനായി കേസുകൾ കെട്ടിച്ചമക്കാൻ ശ്രമം നടക്കുകയാണ്' -കെജ്രിവാൾ പറഞ്ഞു.
ഡൽഹി ബി.ജെ.പിക്കെതിരെയും കെജ്രിവാൾ രൂക്ഷ വിമർശനമുന്നയിച്ചു. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി ഡൽഹിയിൽ ഒന്നും ചെയ്തിട്ടില്ല. കെജ്രിവാളിനെ വിമർശിച്ചും അപകീർത്തിപ്പെടുത്തിയും വോട്ട് തേടുക മാത്രമാണ് അവർ ചെയ്യുന്നത്. എന്നാൽ, ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തേടുകയാണ് ആം ആദ്മി പാർട്ടി ചെയ്യുന്നത് -കെജ്രിവാൾ പറഞ്ഞു.
ആം ആദ്മി സർക്കാർ അടുത്തിടെ തുടക്കമിട്ട പദ്ധതികൾ കെജ്രിവാൾ ഉയർത്തിക്കാട്ടി. മഹിളാ സമ്മാൻ യോജന, വയോധികർക്കുള്ള ചികിത്സാ പദ്ധതി എന്നിവ ഞങ്ങൾ പുതിയതായി തുടങ്ങിയിരിക്കുകയാണ്. ഈ പദ്ധതികൾ കൂടി ആരംഭിച്ചതോടെ ബി.ജെ.പി യഥാർഥത്തിൽ ഭയന്നിരിക്കുകയാണ് -കെജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.