അതിഷി ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ എ.എ.പി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അതിർഷി. ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലെത്തിയാണ് അതിഷി രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയുടെ പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുന്നത് വരെ അതിഷി കാവൽ മുഖ്യമന്ത്രിയായി തുടരും. 141 ദിവസത്തെ ഭരണത്തിന് ശേഷമാണ് അതിഷി രാജി സമർപ്പിച്ചിരിക്കുന്നത്.
മദ്യനയ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട അരവിന്ദ് കെജ്രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ രാജിവെച്ചതോടെയാണ് 2024 സെപ്റ്റംബർ 21മുതൽ അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിയിലെ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടിരുന്നു. കനത്ത വീഴ്ചക്കിടയിലും അതിഷിയുടെ വിജയം എ.എ.പിയുടെ മുഖം രക്ഷിച്ചു. കൽക്കാജി സീറ്റിൽ ബി.ജെ.പിയുടെ രമേശ് ബിധുരിയെ ആണ് അതിൽ പരാജയപ്പെടുത്തിയത്.
ഡൽഹിയിൽ 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. തുടർച്ചയായി നാലാം തവണയും ഡൽഹിയിൽ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിൽ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് (ആപ്) നഷ്ടമായത് 40 സീറ്റുകളാണ്. പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയ, മുൻ മന്ത്രിയും പാർട്ടി സ്ഥാപകരിലൊരാളുമായ സത്യേന്ദർ ജെയിൻ, പാർട്ടിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, പാർട്ടി സ്ഥാപകാംഗവും മുതിർന്ന നേതാവുമായ സോമനാഥ് ഭാരതി, ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള തുടങ്ങിയ മുൻനിര നേതാക്കളെല്ലാം അടിപതറി വീണു.
2015ലും 2020ലും ഡൽഹിയിൽ പാർട്ടി നേടിയ വൻ വിജയങ്ങളിൽ പട്ടികവർഗ, മുസ്ലിം വിഭാഗങ്ങളിൽനിന്നു ലഭിച്ച വലിയ പിന്തുണ പ്രതിഫലിച്ചിരുന്നു. ഇത്തവണ വോട്ട് ഭിന്നിച്ചതോടെ ഭൂരിപക്ഷത്തിൽ ഇളക്കം തട്ടിയെങ്കിലും ആപിനെ ഡൽഹിയിൽനിന്നു തുടച്ചുനീക്കുന്നതിൽ തടഞ്ഞുനിർത്താൻ ഈ മേഖലക്ക് സാധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.