ദേശ വിരുദ്ധശക്തികളോട് പോരാട്ടം തുടരും- കെജ്രിവാൾ
text_fieldsന്യൂഡൽഹി: ദേശ വിരുദ്ധശക്തികളാണ് രാജ്യത്തെ നയിക്കുന്നതെന്നും ഇവരോട് പോരാട്ടം തുടരുമെന്നും തിഹാർ ജയിലിന് പുറത്ത് തന്നെ സ്വീകരിക്കാനെത്തിയ നൂറുകണക്കിന് പ്രവർത്തകരോട് കെജ്രിവാൾ പറഞ്ഞു. എന്റെ ജീവിതം രാജ്യത്തിനുള്ളതാണ്. എല്ലാ ചുവടിലും ഭഗവാൻ എനിക്കൊപ്പം നിന്നു. കാരണം സത്യം എനിക്കൊപ്പമായിരുന്നു. കെജ്രിവാളിനെ ജയിലിലിട്ടാൽ മനോവീര്യം തകരുമെന്നാണ് ഇവർ കരുതിയത്. എന്നാൽ, മനോവീര്യം നൂറുവട്ടം വർധിക്കുകയാണ് ചെയ്തത്. തനിക്ക് ശക്തി നൽകിയതും വഴികാണിച്ചതും ദൈവമാണെന്ന് കെജ്രിവാൾ പറഞ്ഞു. രാജ്ഘട്ടും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും കെജ്രിവാൾ ശനിയാഴ്ച രാവിലെ സന്ദർശിക്കും. അതിനുശേഷം വാർത്തസമ്മേളനം നടത്തും.
കെജ്രിവാൾ തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയ ആറു മാസത്തെ ജയിൽവാസത്തിന് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ നിന്നിറങ്ങി വന്നത് തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്. അടുത്ത മാസം അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ആം ആദ്മി പാർട്ടിക്ക് തങ്ങളുടെ ഏറ്റവും വലിയ താരപ്രചാരകനെ തന്നെ കിട്ടിയത് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമേകും.
ഇൻഡ്യ സഖ്യവുമായുള്ള സീറ്റ് ധാരണ ചർച്ച പൊളിഞ്ഞതിനെ തുടർന്നാണ് ഹരിയാനയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കെജ്രിവാളിന്റെ വരവ് അമിത ജയപ്രതീക്ഷ പുലർത്തുന്ന കോൺഗ്രസിന് ഭീഷണിയാകും. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയുമാണ് മുഖ്യ എതിരാളികൾ. അതിനിടയിലേക്കാണ് കെജ്രിവാളിന്റെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.