മക്കയും റോമും പോലും അടച്ചു; മർക്കസ് നിസാമുദ്ദീൻ പള്ളിയുടേത് നിരുത്തരവാദിത്ത നടപടി -കെജ്രിവാൾ
text_fieldsന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് ബാധിച്ച സംഭവത്തിൽ പള് ളി അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സമ്മേളനത്തിൽ പങ്കെടുത്ത ഏഴു പേരാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മർക്കസ് നിസാമുദ്ദീൻ അധികാരികൾ നിരുത്തവാദിത്തപരമാണ് പ്രവർത്തിച്ചതെന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ലോകത്താകമാനം ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്. മക്കയും റോമും വരെ ഒഴിച്ചിട്ടിരിക്കുമ്പോഴാണ് ഇത്തരം ഗുരുതരമായ നിയമലംഘനം നടത്തിയിരിക്കുന്നത് -കെജ്രിവാൾ പറഞ്ഞു. പള്ളി അധികാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർച്ച് എട്ട് മുതൽ 10 വരെ നടന്ന സമ്മേളനത്തിൽ 2000 ലധികം പേരാണ് പങ്കെടുത്തത്. ഇതിൽ പങ്കെടുത്ത 400 ലധികം പേരെ കോവിഡ്19 രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ളവരാണ് സമ്മേളനത്തിലെത്തിയത്. ‘‘എത്ര പേർക്ക് അസുഖം പടർന്നിട്ടുണ്ടെന്ന് ഊഹിക്കാൻ കഴിയുന്നില്ല. അത് ഭയപ്പെടുത്തുന്നു. എല്ലാ മതനേതാക്കളോടും അഭ്യർഥിക്കാനുള്ളത് ഇതാണ് -നിങ്ങളുടെ മതം എന്തുതന്നെയായാലും ജീവൻ അതിനേക്കാൾ വിലപ്പെട്ടതാണ് എന്ന് മനസിലാക്കണം.’’ - കെജ്രിവാൾ പറഞ്ഞു.
1, 548 പേരെ പള്ളിയിൽ നിന്ന് ഒഴിപ്പിച്ചു. 1,100 പേരെ നഗരത്തിൻെറ വിവിധ ഭാഗങ്ങളിലായി ക്വാറൻറീൻ ചെയ്തിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നുണ്ടെന്നും കെജ്രിവാൾ അറിയിച്ചു.
തബ്ലീഗ് സമ്മേളനത്തിൽ മലയാളികളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ മരിച്ചയാളും ഇതിൽ പങ്കെടുത്തിരുന്നു. പക്ഷെ, ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
1,500ഒാളം പേരാണ് തമിഴ്നാട്ടിൽനിന്ന് പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത 65കാരനായ മധുര സ്വദേശി കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. തമിഴ്നാട്ടിലെ ആദ്യ കോവിഡ് മരണമാണിത്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 30ഒാളം പേർ ഡൽഹിയിൽനിന്ന് മടങ്ങിയവരാണ്. മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ റെയിൽവേ ജീവനക്കാരനെ പരിശോധിച്ച മലയാളി റെയിൽവേ വനിത ഡോക്ടർക്കും അവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആറുപേരാണ് തെലങ്കാനയിൽ മരിച്ചത്. നിസാമുദ്ദീൻ പരിസരം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.