ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആശുപത്രിയിലെ ധർണ അവസാനിപ്പിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാൻ അനുവദിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ നടത്തിയ ധർണ അവസാനിപ്പിച്ചു. പെൺകുട്ടിയെ കാണുന്നത് തടഞ്ഞെന്ന് ആരോപിച്ച് മലിവാൾ തിങ്കളാഴ്ച രാവിലെയായിരുന്നു ധർണ തുടങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും പെൺകുട്ടിയുടെ അമ്മ ആരെയും കാണാൻ താൽപര്യപ്പെടുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാർ വനിതാ ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ പ്രേമോദയ് ഖാഖ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തതായി ഡൽഹി പോലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് പ്രേമോദയ് ഖാഖയെയും ഭാര്യ സീമ റാണിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയിരുന്നു.
“താൻ ഇന്നലെ രാവിലെ 11 മണിക്ക് ഇവിടെ (ആശുപത്രിയിൽ) വന്നെങ്കിലും അതിജീവിതയെയോ അവരുടെ അമ്മയെയോ കാണാൻ ഡൽഹി പോലീസ് എന്നെ അനുവദിച്ചില്ല. എന്തുകൊണ്ടാണ് അവരെ കാണാൻ എന്നെ അനുവദിക്കാത്തതെന്ന് മനസ്സിലാകുന്നില്ല, ”ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ഡൽഹി പോലീസിനും വനിതാ-ശിശു വികസന സേവന വകുപ്പുകൾക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.