ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടി; പി.സി.സി അധ്യക്ഷൻ രാജിവെച്ചു
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടിയായി പി.സി.സി പ്രസിഡന്റ് അർവീന്ദർ സിങ് ലവ്‍ലി രാജിവെച്ചു. ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്നതടക്കം കാരണങ്ങൾ നിരത്തിയാണ് ലവ്‍ലി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കഴിഞ്ഞദിവസം രാജിക്കത്തയച്ചത്.
ഡൽഹിയിലെ പാർട്ടി നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ എ.ഐ.സി.സി ഡൽഹി ചുമതലയുള്ള ദീപക് ബബ്രിയ തള്ളിക്കളയുകയാണെന്ന് കത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം മുൻ ഡൽഹി മന്ത്രിയും എ.ഐ.സി.സി അംഗവുമായ രാജ്കുമാർ ചൗഹാനും ബബ്രിയയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജി നൽകിയിരുന്നു. അതേസമയം, അധ്യക്ഷ പദവി മാത്രമാണ് രാജിവെക്കുന്നതെന്നും പാർട്ടി വിടുകയോ മറ്റേതെങ്കിലും കക്ഷിക്കൊപ്പം പോകുകയോ ചെയ്യുന്നില്ലെന്നും ലവ്‍ലി പറഞ്ഞു. തുടർനടപടികൾ പാർട്ടി അണികളുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം തുടർന്നു. 2015ലും ഡൽഹി കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചയാളാണ് ലവ്‍ലി. അന്നത്തെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 70ൽ 67 സീറ്റും തൂത്തുവാരിയതിനു പിന്നാലെയായിരുന്നു രാജി. ഇത്തവണ പക്ഷേ, പാർട്ടിയിൽ ലവ്‍ലിക്കു പിന്നാലെ കൂടുതൽ അണികൾ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥി പ്രഖ്യാപനം തുടങ്ങുന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി പ്രതീക്ഷിച്ചതാണെന്ന് ഇതേക്കുറിച്ച് ബി.ജെ.പി പ്രതികരിച്ചു. എന്നാൽ, ഇത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്ന് ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഗസ്റ്റിലാണ് ലവ്‍ലി ഡൽഹി കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്. ‘ആപ്പി’നൊപ്പം സഖ്യം ചേർന്ന കോൺഗ്രസ് തലസ്ഥാന നഗരത്തിൽ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.