ആം ആദ്മി സഖ്യം; ഡൽഹി കോൺഗ്രസിൽ രാജി തുടരുന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഓം പ്രകാശ് ബിധുരി രാജിവെച്ചു. സഖ്യത്തിന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ എതിരാണെന്ന് ബിധുരി അവകാശപ്പെട്ടു. മറ്റു രാഷ്ട്രീയ പാർട്ടികളിൽ ചേരാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
"കോൺഗ്രസിനെ ദുരുപയോഗം ചെയ്താണ് എ.എ.പി അധികാരത്തിലെത്തിയത്. സഖ്യം തൊഴിലാളികളുടെ വികാരങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ ഞാൻ രാജിവെച്ചു" -ബിധുരി പറഞ്ഞു.
കോൺഗ്രസിന്‍റെ ഡൽഹി യൂനിറ്റ് മേധാവി സ്ഥാനത്ത് നിന്ന് അരവിന്ദർ സിങ് ലവ്‌ലി രാജിവക്കുകയും മുൻ എം.എൽ.എമാരായ നീരജ് ബസോയയും നസീബ് സിങ്ങും പാർട്ടി വിടുകയും ചെയ്തതിന് പിന്നാലെയാണ് ഓം പ്രകാശ് ബിധുരിയുടെ രാജി.
എ.എ.പിയുമായുള്ള സഖ്യം ഡൽഹി കോൺഗ്രസ് പ്രവർത്തകർക്ക് വലിയ അപകീർത്തിയും നാണക്കേടും ഉണ്ടാക്കുന്നുവെന്നും ആത്മാഭിമാനമുള്ള പാർട്ടി നേതാവെന്ന നിലയിൽ തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നുമാണ് നീരജ് ബസോയ രാജികത്തിൽ പറഞ്ഞത്.
ഡൽഹിയിൽ എ.എ.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിലെ അതൃപ്തി ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിങ് ലവ്ലി രാജിവെച്ചത്. ‘കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ തന്നെ അനുവദിച്ചിരുന്നില്ല. മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം തിരസ്കരിക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാനും തനിക്ക് അനുവാദം തന്നില്ല. ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ല’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.