എക്സിറ്റ് പോളുകൾ ശരിവെച്ച ഫലം; 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അറുതി
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ മുന്നേറ്റം കാഴ്ചവെക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്നതായി പുറത്തുവന്ന ഫലം. എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത് 15 വർഷത്തെ തുടർച്ചയായ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് ആപ് ഭരണത്തിലേറുമെന്നാണ്. 175 വരെ സീറ്റുകൾ ചില പോളുകൾ പ്രവചിച്ചെങ്കിലും പുറത്തുവന്ന ഫലം വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറയ്ക്കുന്നതല്ല. തലസ്ഥാന നഗരിയിലെ കോർപറേഷൻ നിയന്ത്രണം കൂടി നഷ്ടമാകുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമ്പോൾ ആപ്പിനാകട്ടെ, ഡൽഹി ജനതയുടെ അംഗീകാരം കൂടിയായി തെരഞ്ഞെടുപ്പ് വിധി.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്. അതുവരെ 15 വർഷം തുടർച്ചയായി ബി.ജെ.പിയായിരുന്നു മൂന്ന് കോർപറേഷനുകളും ഭരിച്ചിരുന്നത്. 2017ൽ മൂന്ന് കോർപറേഷനിലുമായി 181 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്. മൊത്തം വാര്‍ഡുകളുടെ മൂന്നില്‍ രണ്ട് ഭാഗവും ബി.ജെ.പി നേടി. 2012ൽ 138 സീറ്റ് ഉണ്ടായിരുന്നത് വർധിപ്പിക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടി ആദ്യമായി മത്സരിച്ച 2017 കോർപറേഷൻ തെരഞ്ഞെടുപ്പിൽ 48 സീറ്റിൽ മാത്രമായിരുന്നു ആപ് ജയം. എങ്കിലും, 30 വാര്‍ഡുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിനെ പിന്നിലാക്കി മുഖ്യ പ്രതിപക്ഷമായി മാറാന്‍ എ.എ.പിക്ക് കഴിഞ്ഞിരുന്നു.
വിവിധ എക്സിറ്റ് പോളുകൾ എ.എ.പി ഡൽഹി കോർപറേഷൻ ഭരിക്കുമെന്ന ഫലമാണ് നൽകിയത്. കോർപറേഷനിലെ ആകെ 250 വാർഡിൽ 149 മുതൽ 171 വാർഡ് വരെ നേടി ആം ആദ്മി വിജയിക്കുമെന്നായിരുന്നു ആജ് തക് എക്സിറ്റ് പോൾ ഫലം. 146 മുതൽ 156 വരെ വാർഡ് ആപ്പ് നേടുമെന്ന് ടൈംസ് നൗ പ്രവചിച്ചു. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ 149 മുതൽ 171 വാർഡ് വരെയും, ന്യൂസ് എക്സ് 159 മുതൽ 175 വരെയും സീറ്റോടെ എ.എ.പി ഭരണത്തിലെത്തുമെന്ന് പ്രവചിച്ചു.
ഇത്രയേറെ വർഷം ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്ന പ്രചാരണമുയർത്തിയാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് നടത്തുന്ന വികസന പ്രവൃത്തികളും ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും ആപ് ഉയർത്തിക്കാട്ടി. ശുചീകരണ വലിയ വിഷയമാക്കി ഉയർത്താൻ ആപ്പിനായി. ഗാസിപൂര്‍ ലാന്‍ഡ്ഫില്‍ സൈറ്റ് സന്ദര്‍ശിച്ചാണ് കെജ്രിവാള്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തന്നെ.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലായിരുന്നു ആം ആദ്മി പ്രചാരണം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഇതേസമയം നടക്കുന്നതിനാൽ ആം ആദ്മി പാർട്ടി പ്രചാരണത്തിൽ മുഖ്യമന്ത്രി കെജ്രിവാളിന്‍റെ സാന്നിധ്യം നാമമാത്രമായിരുന്നു.
കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ആം ആദ്മി പാർട്ടി നേതാക്കളെ തടയാനാണെന്ന ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.