ആകാര്‍ പട്ടേലിനോട് സി.ബി.ഐ മേധാവി മാപ്പ് പറയണമെന്ന് കോടതി; ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണം
text_fieldsന്യൂഡൽഹി: ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ മുൻ മേധാവിയും എഴുത്തുകാരനുമായ ആകാർ പട്ടേലിനോട് സി.ബി.ഐ ഡയറക്ടർ മാപ്പ് പറയണമെന്ന് കോടതി. അമേരിക്കയിലേക്ക് പോകുന്നെനതിനിടെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. സി.ബി.ഐ ഉദ്യോഗസ്ഥരുടെ വീഴ്ച അംഗീകരിച്ച് ഡയറക്ടർ രേഖാമൂലം മാപ്പ് ചോദിക്കണമെന്നാണ് കോടതി ഉത്തരവ്.
സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പിൻവലിക്കണമെന്നും ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകാർ പട്ടേൽ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി വിധി.
ബുധനാഴ്ച പുലർച്ചെ അമേരിക്കയിലേക്ക് പോകാനെത്തിയ ആകാറിനെ ബംഗളൂരു വിമാനത്താവളത്തിൽവെച്ച് സി.ബി.ഐ തടഞ്ഞിരുന്നു. അമേരിക്കയിലെ വിവിധ സർവകലാശാലകളിലെ പരിപാടിയിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ഇത്. ഫോറിൻ കോൺട്രിബ്യൂഷൻ ആക്ട് ലംഘനവും വിദേശ ഫണ്ടിങ്ങിലെ ക്രമക്കേടും ആരോപിച്ച് സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പിൻവലിക്കണമെന്നും അമേരിക്കയിൽ പോകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ആകാർ പട്ടേല്‍ കോടതിയെ സമീപിച്ചത്. ആകാര്‍ പട്ടേലിന് അമേരിക്കയില്‍ പോകാനുള്ള അനുമതിയും കോടതി നല്‍കി.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ 10 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി സ്വീകരിച്ചുവെന്നാണ് ആംനസ്റ്റി ഇന്റർനാഷനലിനെതിരായ പരാതി. യു.കെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്ന് ആംനെസ്റ്റി ഇന്ത്യയിലേക്ക് 26 കോടി രൂപ കൂടി എത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടേലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കാര്യം സി.ബി.ഐക്ക് മുൻകൂട്ടി അറിയിക്കാമായിരുന്നുവെന്ന് ആകാർ പട്ടേലിനായി ഹാജരായ അഭിഭാഷകൻ തൻവീർ അഹമ്മദ് മീർ കോടതിയിൽ പറഞ്ഞു. പൗരാവകാശങ്ങള്‍ സി.ബി.ഐ നിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ മറ്റൊരു കേസിൽ ആകാറിന്റെ പാസ്‍പോർട്ട് പിടിച്ചുവെച്ചിരുന്നു. തുടർന്ന് അമേരിക്കൻ യാത്രക്ക് കോടതിയുടെ അനുമതി നേടുകയും കോടതി ഇടപെട്ട് പാസ്‍പോർട്ട് തിരിച്ച് നൽകുകയും ചെയ്തിരുന്നു. അമേരിക്കൻ യാത്രക്ക് ശേഷം പാസ്‍പോർട്ട് തിരികെ സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ ശേഷമാണ് ആകാർ അമേരിക്കയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത്. കോടതിയുടെ അനുമതിയുള്ളതിനാൽ തടസങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസുപയോഗിച്ച് അദ്ദേഹത്തെ തടയുകയായിരുന്നു.
പത്രപ്രവർത്തക റാണ അയ്യൂബിന്റെ ലണ്ടനിലേക്കുള്ള യാത്രയും ഇതുപോലെ തടഞ്ഞിരുന്നു. കേരളത്തിലേക്ക് വന്ന പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ ഫിലിപോ ഒസെല്ലോയെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതും ഈയടുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.