ഉമർ ഖാലിദിന് കർശന ജാമ്യവ്യവസ്ഥകൾ; വീടിന് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ദിവസവും വിഡിയോ കാൾ ചെയ്യണം
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന്‍റെ പേരിൽ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന് ജാമ്യം നൽകിയത് കർശന ഉപാധികളോടെ. വീടിന് പുറത്തേക്കിറങ്ങരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ഉമർ ഖാലിദിന് ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബർ 23 മുതൽ 30 വരെയാണ് ജാമ്യ കാലയളവ്.
മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നൽകുകയോ ചെയ്യരുത്. സമൂഹമാധ്യമങ്ങളിലും ഇത് പാടില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞു. പൊതുജനങ്ങളെ കാണരുത്. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, വിവാഹത്തിനെത്തുന്ന സുഹൃത്തുക്കൾ എന്നിവരെ കാണാം. അതേസമയം, ജാമ്യകാലയളവിൽ വീട്ടിൽ തന്നെ തുടരണം. പുറത്തിറങ്ങരുത്. വിവാഹ ചടങ്ങിന് വേണ്ടി മാത്രം മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് പോകാം.
പൊലീസ് ഉമർ ഖാലിദിന്‍റെ വീടിന് പുറത്തുണ്ടാകണമെന്നും എന്നാൽ വീട്ടിനകത്തേക്ക് കടക്കരുതെന്നും കോടതി വ്യക്തമാക്കി. എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനെ വിഡിയോ കോൾ ചെയ്യണം. കേസിലെ സാക്ഷികളുമായി കാണുകയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തുകയോ ചെയ്യരുത് -കോടതി വ്യക്തമാക്കി.
ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.