ഷർജീൽ ഇമാമിനെ വെറുതെ വിട്ടു
text_fieldsന്യൂഡൽഹി: 2019ലെ ജാമിഅ സംഘർഷ കേസിൽ ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിനെ വെറുതെ വിട്ടു. മറ്റൊരു പ്രതി ആസിഫ് തൻഹയെയും കോടതി വെറുതെവിട്ടിട്ടുണ്ട്. ഡൽഹി സാകേത് കോടതിയുടേതാണ് ഉത്തരവ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന് ജാമിഅയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘർഷം അരങ്ങേറിയിരുന്നു. ഈ കേസിലാണ് ഇരുവരെയും കോടതി വെറുതെ വിട്ടിരിക്കുന്നത്.
പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ, ഷർജീലിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല. ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ഷർജീൽ വിചാരണ നേരിടുകയാണ്.
ഡൽഹി കലാപക്കേസിൽ ഷർജീൽ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലും നിരവധി കേസുകൾ ഷർജീൽ ഇമാമിന്റെ പേരിൽ എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.