വ്യാജ ബലാത്സംഗ പരാതി; യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി പൊലീസിനോട് കോടതി
text_fieldsന്യൂഡൽഹി: വ്യാജ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിനോട് കോടതി. വ്യാജ ആരോപണങ്ങൾ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ജീവിതം നശിപ്പിക്കുന്നതായി അഡീഷണൽ സെഷൻസ് ജഡ്ജി ഷെഫാലി ബർണാല ടണ്ടൻ പറഞ്ഞു. കുറ്റാരോപിതന്‍റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ജൂലൈ 14നാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഉഭയസമ്മതത്തോടെയാണ് പരാതിക്കാരിയും കുറ്റാരോപിതനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രോസിക്യൂട്ടർ മജിസ്‌ട്രേറ്റിന് മൊഴി നൽകി. വഴക്കിനുശേഷമാണ് യുവതി പൊലീസിനെ വിളിക്കുകയും ബലാത്സംഗ ആരോപണം ഉന്നയിക്കുകയും ചെയ്തത്.
രാജ്യത്തെ പുരുഷന്മാർക്ക് ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരം തുല്യ അവകാശങ്ങളും സംരക്ഷണവുമുണ്ട്. എന്നിരുന്നാലും സ്ത്രീകൾക്ക് പ്രത്യേക പദവി നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രത്യേക പദവിയും സ്ത്രീ സംരക്ഷണ നിയമങ്ങളും വ്യക്തിഗത പ്രശ്നങ്ങൾ തീർക്കാനുള്ള വാളാക്കി മാറ്റരുതെന്ന് കോടതി പറഞ്ഞു.
ബലാത്സംഗം ഏറ്റവും ഹീനവും വേദനാജനകവുമായ കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. കാരണം അത് ഇരയുടെ ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്നു. എന്നാൽ ബലാത്സംഗത്തിനെതിരായ നിയമം ചില കേസുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും കോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.