‘ജോലിക്ക് ഭൂമി’ കേസിൽ ലാലുവിനും കുടുംബത്തിനും ജാമ്യം
text_fieldsന്യൂഡൽഹി: ജോലിക്ക് പകരം കോഴയായി ഭൂമി വാങ്ങിയെന്ന കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ഭാര്യയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്ക് ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചത്.
ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് റെയില്‍വേ ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസ്. 2004-2009 കാലത്ത് ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം.
കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ സി.ബി.ഐയോട് കോടതി ഉത്തരവിട്ടു. കേസ് വാദം കേൾക്കുന്നതിനായി ഒക്ടോബർ 16നേക്ക് മാറ്റി.
ജൂലൈ മൂന്നിന് സി.ബി.ഐ സമർപ്പിച്ച പുതിയ കുറ്റപത്രം പരിഗണിച്ച പ്രത്യേക ജഡ്ജി ഗോയൽ, കേസിലെ 17 പ്രതികളോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ‘വാദം കേൾക്കട്ടെ, നമ്മൾ എന്തെങ്കിലും ചെയ്തെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ’ എന്നായിരുന്നു കേസിനെ കുറിച്ച് ചോദിച്ചപ്പോൾ ലാലുവിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.