ടൂൾ കിറ്റ് കേസ്; ദിശ രവി മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് പുറത്തിറക്കിയ ടൂൾ കിറ്റ് നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21കാരി പരിസ്ഥിതി പ്രവർത്തക ദിശ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബംഗളൂരുവിലെ വീട്ടിൽ നിന്ന് ഇൗ മാസം ആദ്യമാണ് ദിശ രവി അറസ്റ്റിലായത്.
നേരത്തേ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ദിശ രവിയെ പാട്യാല ഹൗസ് കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കുകയായിരുന്നു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (എ.സി.എം.എം) ജഡ്ജ് ആകാശ് ജെയിൻ ആണ് ദിശയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ഇർഫാൻ അഹമ്മദ് ആണ് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.
അഞ്ച് ദിവസത്തെ പൊലീസ് റിമാൻഡ് അനുവദിച്ചിരുന്നെങ്കിലും ദിശ രവി അന്വേഷണത്തിനിടെ ഒഴിഞ്ഞുമാറുന്നതിനാൽ തങ്ങൾക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി വേണമെന്നായിരുന്നു ഡൽഹി പൊലീസ് ആവശ്യപ്പെട്ടത്.
ദിശ രവി കുറ്റം കൂട്ടുപ്രതികളായ ശന്തനു മുലുകിനും നികിത ജേക്കബിനും മേൽ ആരോപിക്കുകയാണെന്ന് ഇർഫാൻ അഹമ്മദ് കോടതിയിൽ അറിയിച്ചു. എഞ്ചിനീയറായ ശന്തനുവിനും അഭിഭാഷകയായ നികിത ജേക്കബിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം ബോംബെ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതായും ഇർഫാൻ അഹമ്മദ് പറഞ്ഞു.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദിശ രവിയുടെ അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ കോടതിയിൽ അറിയിച്ചു. കേസ് ഡയറി ഹാജരാക്കാൻ കോടതി കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ദിശ രവിയുമായി കൂടിക്കാഴ്ച നടത്താൻ 15 മിനുട്ട് അനുവദിക്കണമെന്നും സിദ്ധാർഥ് അഗർവാൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.