മാനനഷ്ടക്കേസ്; ഡൽഹി മന്ത്രി അതിഷിക്ക് സമൻസ്
text_fieldsന്യൂഡൽഹി: ബി.ജെ.പി ഡൽഹി മീഡിയ സെൽ തലവൻ പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി റോസ് അവന്യൂ കോടതി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനക്ക് സമൻസ് അയച്ചു. ജൂൺ 29ന് കോടതിയിൽ ഹാജരാകണമെന്നാണ് സമൻസ്.
പാർട്ടിയിൽ ചേരാൻ നിർബന്ധിക്കുന്നുവെന്നും മറിച്ചാണെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇ.ഡിയെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ബി.ജെ.പിയിൽ നിന്ന് മുന്നറിയിപ്പ് ഉണ്ടെന്നും അതിഷി പറഞ്ഞിരുന്നു. തന്നെയും മറ്റ് എ.എ.പി നേതാക്കളായ സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, രാഘവ് ഛദ്ദ എന്നിവരെയും അറസ്റ്റ് ചെയ്യാൻ ഇ.ഡി പദ്ധതിയിടുന്നതായി പത്രസമ്മേളനത്തിൽ അതിഷി അവകാശപ്പെട്ടു.
ഇത്തരം പരാമർശങ്ങളിലൂടെ അതിഷി ഉൾപ്പെടെയുള്ള നേതാക്കൾ ബി.ജെ.പിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി പ്രവീൺ ശങ്കർ കപൂർ നൽകിയ ഹരജിയിൽ പറയുന്നു. അതിഷി പരാമർശങ്ങൾ പിൻവലിക്കണമെന്നും ടി.വിയിലും സമൂഹമാധ്യമത്തിലും മാപ്പ് പറയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
തങ്ങളുടെ നേതാക്കളെ വശീകരിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് എ.എ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. പഞ്ചാബിൽ നിന്നുള്ള എ.എ.പിയുടെ ഏക ലോക്‌സഭ എം.പി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എം.എൽ.എയായ ശീതൾ അങ്കുറൽ എന്നിവർ മാർച്ചിൽ ബി.ജെ.പിയിൽ ചേർന്നു. തുടർന്ന്, ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. പഞ്ചാബിലെ എ.എ.പി എം.എൽ.എമാർക്ക് പണവും സുരക്ഷയും സ്ഥാനവും വാഗ്ദാനം ചെയ്ത് കക്ഷി മാറാനും ബി.ജെ.പിയിൽ ചേരാനും പ്രേരിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.