എട്ടു നൂറ്റാണ്ട് പഴക്കമുള്ള മഹ്റോളി പള്ളി ഇടിച്ചു നിരത്തി ഡി.ഡി.എയുടെ കർസേവ
text_fieldsന്യൂഡൽഹി: ചരിത്ര ശേഷിപ്പുകൾ തുടച്ചു നീക്കുന്നത് തുടരുന്ന ഡൽഹിയിൽ മുഗൾ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച മഹ്റോളിയിലെ പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ഇടിച്ചുനിരത്തി. ഡൽഹി വഖഫ് ബോർഡ് നിയമിച്ച ഇമാമിന് കീഴിൽ മതപഠനം നടക്കുന്ന 800 വർഷം പഴക്കമുള്ള പള്ളി പൂർണമായും തുടച്ചുനീക്കീയ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) അതോടു ചേർന്നുള്ള ഖബർസ്ഥാനും അപ്പുറത്തുള്ള ഈദ്ഗാഹും ഇടിച്ചുനിരത്തി. ചൊവ്വാഴ്ച സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പ് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ഡൽഹി വികസന അതോറിറ്റി അധികൃതർ പള്ളി പൊളിച്ചു നീക്കുന്നത്.
ഇമാം അടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകൾ പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് നീക്കം ചെയ് ശേഷമാണ് പൊളിക്കാൻ തുടങ്ങിയത്. സ്ഥലം ഡൽഹി വികസന അതോറിറ്റിയുടേതാണെന്നും അത് കാലിയാക്കണമെന്നും പറഞ്ഞായിരുന്നു ഇടിച്ചുനിരത്തലെന്ന് 12 വർഷമായി ഇമാമായി സേവനമനുഷ്ഠിക്കുന്ന സാകിർ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെയായിരുന്നു നീക്കം. മതപഠനം നടക്കുന്ന പള്ളിയിലെ വിശുദ്ധ ഖുർആൻ പോലും എടുത്തുമാറ്റാൻ അനുവദിക്കാതെയായിരുന്നു ഡി.ഡി.എയുടെ കർസേവ.
പള്ളിയിൽ താമസിച്ചു പഠിക്കുന്ന 22 വിദ്യാർഥികളുടെ വസ്ത്രങ്ങളും കമ്പിളിപ്പുതപ്പുകളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികൾ ഒന്നു പോലും എടുക്കാൻ അനുവദിക്കാതെ തകർത്ത അവശിഷ്ടങ്ങൾക്കൊപ്പം ജെ.സി.ബി ഉപയോഗിച്ച് കോരിമാറ്റി. പളളിയുടെ ഒരു അവശിഷ്ടവും അവശേഷിക്കാത്ത തരത്തിൽ എല്ലാം ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി.
പള്ളി നിന്ന സ്ഥലത്ത് മണ്ണിട്ട് നിരത്തുക കൂടി ചെയ്തതോടെ എട്ട് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും ഒരു അടയാളവുമില്ലാത്ത വിധം നാമാവശേഷമായി. ഡൽഹിയിലെ മലയാളി മുസ്‍ലിംകളുടെ കൂടി ആശ്രയമായിരുന്ന പള്ളിയിൽ വർഷം തോറും മലയാളികൾ സമൂഹ നോമ്പുതുറയും നടത്താറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.