തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെങ്കിൽ ഡൽഹി സ്കൂളുകളിൽ പ്രവേശനമില്ല
text_fieldsന്യൂഡൽഹി: തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവർക്ക് ഡൽഹിയിലെ സ്കൂളുകളിൽ പഠിക്കാനാകില്ലെന്ന് ഡൽഹി വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാമ്പസുകളിലും ദേശീയതയെക്കുറിച്ചുള്ള സംവാദങ്ങൾ ഉയരുന്നതിനിടെയാണ് തീരുമാനം. ഡയറക്ടറേറ്റ് ഒാഫ് എജുക്കേഷൻ പുറത്തിറക്കിയ ‘മോഡൽ കോഡ് ഒാഫ് കണ്ടക്റ്റിൽ’ ആണ് നിരോധിത സംഘടനകളിലേതിലെങ്കിലും ബന്ധമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി പ്രവേശനം അനുവദിക്കില്ലെന്നും ബന്ധം കണ്ടെത്തിയാൽ അത്തരം വിദ്യാർഥികളെ പുറത്താക്കുമെന്നുമുള്ള മുന്നറിയിപ്പ്.
ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ബബ്ബർ ഖൽസ ഇൻറർനാഷനൽ, കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ (മാവോയിസ്റ്റ്), പുറമെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സായുധ ഗ്രൂപ്പുകൾ തുടങ്ങിയ നിരോധിത സംഘടനകളെ കോഡ് ഒാഫ് കണ്ടക്റ്റിൽ പരാമർശിക്കുന്നുണ്ട്. ഇതെല്ലാം ഉൾക്കൊള്ളിച്ചുള്ള മാർഗനിർദേശങ്ങൾ പുതിയ അക്കാദമിക വർഷത്തിൽ പ്രവേശനസമയത്ത് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
അനുമതിയില്ലാതെ ക്ലാസിൽ വരാതിരിക്കൽ, വഴക്കുണ്ടാക്കൽ, മോശം പെരുമാറ്റം, പുകവലി, ലഹരി ഉപേയാഗം, ക്ലാസിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരൽ തുടങ്ങിയവയും സ്കൂളിൽനിന്ന് പുറത്താക്കാനുള്ള മതിയായ കാരണമായി ഗൈഡ്ലൈനിൽ പറയുന്നു. എന്നാൽ, പുതിയ മാർഗനിർദേശെത്തക്കുറിച്ച് അറിഞ്ഞ് നിരവധി രക്ഷിതാക്കൾ തങ്ങളെ സമീപിച്ച് വിശദാംശങ്ങൾ തിരക്കുന്നതായും ഇതാദ്യമായാണ് ഡയറക്ടറേറ്റ് ഒാഫ് എജുക്കേഷൻ ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കുന്നതെന്നും ഇൗസ്റ്റ് ഡൽഹി സ്കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.