മദ്യനയക്കേസ്: കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കവിതയെ തിഹാർ ജയിലിലെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്.
മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കവിത ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പ്രത്യേക കോടതിയുടെ അനുമതിയോടെ സി.ബി.ഐ തിഹാർ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു. ജയിലിൽ വച്ച് തന്നെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരെ കവിത കോടതിയെ സമീപിച്ചിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 15നാണ് 46കാരിയായ കവിതയെ ഹൈദരാബാദിലെ വസതിയിൽ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.