ഡൽഹി തീപിടിത്തം: 29 പേരെ കുറിച്ച് വിവരമില്ല
text_fieldsന്യൂഡൽഹി: ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഏഴു പേരെ തിരിച്ചറിഞ്ഞു. അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും കെട്ടിടത്തിലുണ്ടായിരുന്ന 24 സ്ത്രീകളടക്കം 29 പേരെ കുറിച്ച് വിവരമില്ല. ഇവരുടെ പട്ടിക പൊലീസ് തയാറാക്കി.
കാണാതായവരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡൽഹി സർക്കാർ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. 27 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചു.
തീപിടിത്തത്തിന് കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനുമായി ഇടുങ്ങിയ ഒറ്റവഴി മാത്രമാണുണ്ടായിരുന്നത്. ഇത് മരണ നിരക്ക് ഉയർത്താൻ കാരണമായതായി ഡൽഹി അഗ്നിശമനസേന മേധാവി അതുൽ ഗാർഗ് പറഞ്ഞു. കെട്ടിടത്തിന് ഫയർ ക്ലിയറൻസ് ഇല്ല.
സി.സി.ടി.വി, വൈഫൈ റൂട്ടറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്. ജനറേറ്റർ വെച്ചിരുന്ന ഒന്നാം നിലയിൽ നിന്ന് മുകളിലത്തെ നിലയിലേക്ക് തീപടരുകയായിരുന്നു. കെട്ടിട ഉടമ മനീഷ് ലക്ര ഉൾപ്പെടെയുള്ളവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.