കണ്ണീരുവീണ കാത്തിരിപ്പ് അവസാനിച്ചത് മോർച്ചറിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി അഗ്നിബാധയിൽ ഉറ്റവർ നഷ്ടപ്പെട്ടവരുടെ നെട്ടോട്ടം ഏറെയും കണ്ണീരായി അവസാനിച്ചത് മോർച്ചറിയിൽ. പുലർച്ച തീവിഴുങ്ങിയ കെട്ടിടത്തിൽ അന്തിയുറങ്ങിയവരെയും തിരഞ്ഞാണ് അടുത്തും അകലത്തുംനിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയത്്. പലരോടും ചോദിച്ചും പൊലീസിൽനിന്നറിഞ്ഞും ഇവർ ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഒാടി. ഒടുവിൽ തീവെന്ത് തിരിച്ചറിയാൻ പോലും പ്രയാസപ്പെട്ട് അവരെ കണ്ടെത്തുേമ്പാൾ വിശ്വസിക്കാനാവാതെ പൊട്ടിക്കരഞ്ഞു, മറ്റുള്ളവർ മോഹാലസ്യപ്പെട്ടുവീണു.
ബിഹാർ സ്വദേശിയായ വാജിദ് അലിയുടെ രണ്ടു ബന്ധുക്കളാണ് അനജ് മണ്ടിയിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായിരുന്നത്. കേട്ടതൊന്നും സത്യമാകരുതേ എന്ന പ്രാർഥനയുമായാണ് വാജിദ് വിവരമറിഞ്ഞ് അതിരാവിലെ പുറപ്പെട്ടത്. പലയിടത്തും കയറിയിറങ്ങിയെങ്കിലും സഹോദരങ്ങളെ മാത്രം കണ്ടെത്തിയില്ല. ഒടുവിൽ എൽ.എൻ.ജെ.പി ആശുപത്രിയിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടാമത്തെയാളെ എവിടെ തിരയുമെന്ന് വാജിദിന് ഇപ്പോഴും നിശ്ചയമില്ല.
14ഉം 13ഉം വയസ്സുള്ള മുഹമ്മദ് മഹ്ബൂബ്, സഹ്മത് എന്നീ ബാലന്മാർ ദുരന്ത സമയം കെട്ടിടത്തിലുണ്ടായിരുെന്നന്ന് കേട്ട് ഓടിയെത്തിയ ഗ്രാമീണർ മണിക്കൂറുകൾ തെരഞ്ഞതിനൊടുവിൽ മഹ്ബൂബിനെ ജീവനറ്റനിലയിലാണ് കണ്ടെത്തിയത്. സഹ്മതിനെ ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷയുമായി അവർ ഇപ്പോഴും കാത്തിരിപ്പിലാണ്. സമാനമാണ് പലരുടെയും സ്ഥിതി. ആരെയൊക്കെ ദുരന്തം വിഴുങ്ങിയെന്നു പോലും തിട്ടപ്പെടുത്താൻ വയ്യാത്ത സ്ഥിതി. സാധാരണ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് അഗ്നിയെടുത്തത്.
ന്യൂഡൽഹിയിൽ രണ്ടു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് ആശുപത്രിയിലെത്തിയ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
നിരവധി പേർ ഉറങ്ങിക്കിടക്കുന്നതിനിടെ രണ്ടാം നിലയിലുണ്ടായ തീയിൽനിന്ന് രക്ഷപ്പെട്ടോടാനാവാതെ കുടുങ്ങിപ്പോയതാണ് പലർക്കും മരണമൊരുക്കിയത്. പുകയിൽ ശ്വാസം മുട്ടിയാണ് പലരും മരണത്തിന് കീഴടങ്ങിയത്. 150 ഓളം അഗ്നിരക്ഷ സൈനികരുടെ ശ്രമഫലമായി 63 പേർ രക്ഷപ്പെട്ടിരുന്നു.
11 ജീവൻ രക്ഷിച്ചു; രാജേഷ് ശുക്ലയുടെ ധീരതക്ക് സല്യൂട്ട്
ന്യൂഡൽഹി: ജീവൻ തൃണവൽഗണിച്ച് അഗ്നിക്കിടയിൽനിന്ന് 11 ജീവൻ രക്ഷിച്ച രാജേഷ് ശുക്ലക്ക് സല്യൂട്ട്. ഡൽഹി ഫയർ സർവിസ് ഉദ്യോഗസ്ഥനാണ് രാജേഷ് ശുക്ല. അഗ്നിപടർന്ന കെട്ടിടത്തിൽ ആദ്യം എത്തിയ ഇദ്ദേഹത്തിെൻറ കാലിന് പരിക്കേൽക്കുകയും ചെയ്തു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ് ശുക്ല. ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയ്ൻ ആശുപത്രിയിലെത്തി ശുക്ലയെ അഭിനന്ദിച്ചു.
‘‘ഫയർമാൻ രാജേഷ് ശുക്ലയാണ് യഥാർഥ താരം. അദ്ദേഹമാണ് സ്ഥലത്ത് ആദ്യമെത്തി ജീവൻ രക്ഷിച്ചത്. കാലിെൻറ എല്ലിനേറ്റ മുറിവ് അവഗണിച്ച് അദ്ദേഹം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന് സല്യൂട്ട്’’ -മന്ത്രി സത്യേന്ദ്ര ജെയ്ൻ ട്വീറ്റ് ചെയ്തു.
‘വാതിലിനടുത്ത് കിടന്നതിനാൽ ജീവൻ കിട്ടി’
ന്യൂഡൽഹി: ‘‘തീച്ചൂട് ദേഹത്ത് തട്ടിയപ്പോഴാണ് ഉണർന്നത്. അപ്പോൾ നേരം അഞ്ചുമണിയായിക്കാണും. തീനാളങ്ങൾ വാതിലിനെ വിഴുങ്ങാൻ മത്സരിക്കുന്നതാണ് കണ്ടത്. ചുരുങ്ങിയത് ആറ് മീറ്ററുണ്ടാകും വാതിലിനടുത്തേക്ക്. തൊട്ടടുത്തു കിടന്ന നാലഞ്ചുപേരെ തട്ടിയുണർത്തി. തീ വകവെക്കാതെ വാതിലിലൂടെ പാഞ്ഞിറങ്ങി.
വാതിലിന് ഏറെ ദൂരത്തുള്ളവരാണ് തീയിൽ അകപ്പെട്ടത് -രക്ഷപ്പെട്ടത് വിശ്വസിക്കാനാവാതെ തൊപ്പി നിർമാണ തൊഴിലാളിയായ ഫിറോസ് ഖാൻ (32) സന്തോഷംകൊണ്ട് വിതുമ്പി. പുറത്തേക്കുള്ള വഴികൾ പലതും അടഞ്ഞതും ജനലുകളിൽ പലതും അടച്ച് ബന്തവസ്സാക്കിയതുമാണ് പുക ശ്വസിച്ചുള്ള മരണസംഖ്യ കൂടാൻ ഇടയാക്കിയത്. കത്തുന്ന കെട്ടിടത്തിൽനിന്ന് 63 പേരെ പുറത്തിറക്കാൻ 150 അഗ്നിശമന സേനാംഗങ്ങൾ അഹോരാത്രം പണിപ്പെട്ടെങ്കിലും 43 തൊഴിലാളികളുടെ മരണത്തിലാണ് കലാശിച്ചത്.
ഡൽഹി നടുങ്ങിയ തീപിടിത്തം
ന്യൂഡൽഹി: ഉപഹാർ സിനിമ തിയറ്റർ ദുരന്തത്തിനുശേഷം ഡൽഹിയിൽ ഏറ്റവും മരണമുണ്ടായ തീപിടിത്തമാണ് അനജ് മന്ദിയിലുണ്ടായത്. 1997 ജൂൺ 13നാണ് 59 ജീവനപഹരിച്ച തിയറ്റർ തീപിടിത്തം ഉണ്ടായത്. സണ്ണി ഡിയോൾ നായക കഥാപാത്രമായ ബോർഡർ സിനിമയുടെ പ്രദർശനത്തിനിടെയാണ് അഗ്നിതാണ്ഡവം ഉണ്ടായത്. ഈ ദുരന്തം കഴിഞ്ഞ് 14 വർഷത്തിനുേശഷം പതിനായിരത്തോളം ട്രാൻസ്ജെൻഡേഴ്സ് ഒത്തുകൂടിയ നന്ദ് നാഗ്രിയിലുണ്ടായ തീപിടിത്തത്തിൽ പൊലിഞ്ഞത് 14 ജീവനായിരുന്നു. 30 പേർക്ക് പരിക്കേറ്റു.
അപകടം മാനദണ്ഡം പാലിക്കാതെ പണിത കെട്ടിടത്തിൽ
ന്യൂഡൽഹി: തീപിടിത്തമുണ്ടായ ഡൽഹിയിലെ അനജ് മൻഡിയിലെ നാലുനില കെട്ടിടം നിർമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ. കെട്ടിടത്തിന് അഗ്നിശമന സുരക്ഷ അംഗീകാരമുണ്ടായിരുന്നില്ല. നിയമാനുസൃതമായ സുരക്ഷ ക്രമീകരണവും ഉണ്ടായിരുന്നില്ല. സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണങ്ങളും കണ്ടെത്താനായില്ലെന്ന് ഡൽഹി ഫയർ സർവിസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.
രാഹുൽ അനുശോചിച്ചു
ന്യൂഡൽഹി: ബാഗ് നിർമാണക്കമ്പനിയിലെ അഗ്നിബാധയിൽ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ അതിയായ ദു:ഖമുണ്ട്. രക്ഷപ്പെട്ടവരുടെ പരിക്ക് പെട്ടന്നു സുഖപ്പെടട്ടെയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.