ഡൽഹിയിൽ പ്രളയക്കെടുതി തുടരുന്നു; വെള്ളക്കെട്ടിൽവീണ് മൂന്ന് കുട്ടികൾ മരിച്ചു
text_fieldsന്യൂഡൽഹി: മഴ ശക്തി കുറഞ്ഞിട്ടും ഡൽഹിയിലെ പ്രളയക്കെടുതിക്ക് അറുതിയില്ല. യമുന നദിയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്. 208.63 മീറ്ററിലെത്തിയ യമുനയിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ടോടെ 207.7 മീറ്ററിലെത്തി. വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. വെള്ളിയാഴ്ച മുകുന്ദ്പൂരിലാണ് മെട്രോ റെയിൽ നിർമാണം നടക്കുന്ന സ്ഥലത്തെ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചത്.
രാജ്ഘട്ട് ഉർപ്പെടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളിയാഴ്ചയും വെള്ളത്തിനടിയിലാണ്. സുപ്രീംകോടതിക്ക് സമീപവും വെള്ളമെത്തിയിട്ടുണ്ട്. സുപ്രീംകോടതിക്കു സമീപത്തുള്ള ഡൽഹിയിലെ പ്രധാന പാതകളിലൊന്നായ മഥുര റോഡും ഐ.ടി.ഒയും വെള്ളത്തിനടിയിലാണ്.
വെള്ളം കയറിയതിനെ തുടർന്ന് നിഗംബോധ് ഘട്ട്, ഗീത കോളനി, വസീറാബാദ്, സരായ് കാലെ ഖാൻ എന്നിവിടങ്ങളിലെ ശ്മശാനങ്ങൾ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അടച്ചു. പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാൻ പ്രയാസം നേരിടുന്നുണ്ട്. ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും സർക്കാർ നിർദേശിച്ചു.
ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മന്ത്രിമാർ അടക്കമുള്ളവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് 16 വരെ അവധിയാണ്. ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചതോടെ വെള്ളിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങിത്തുടങ്ങുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഡൽഹി പ്രളയം ഹരിയാനയിലെ ബി.ജെ.പി സർക്കാറിന്റെ സൃഷ്ടി -ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഡൽഹി പ്രളയത്തിൽ ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ദുരന്തം ഹരിയാനയിലെ ബി.ജെ.പി സർക്കാറിന്റെ സൃഷ്ടിയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള വെള്ളം ഡൽഹിയിലെ യമുന കനാലിലേക്കു മാത്രമാണ് തുറന്നുവിട്ടത്. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും കിഴക്ക്, പടിഞ്ഞാറൻ കനാലുകളിലേക്ക് തുല്യമായി ഒഴുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം ആസൂത്രിത പദ്ധതിയാണ്. രാഷ്ട്രീയ കാരണങ്ങളാൽ ബി.ജെ.പി ബോധപൂർവം തലസ്ഥാനത്തെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട് ആളുകളെ കഷ്ടപ്പെടുത്തുകയാണ്. എ.എ.പി നേതാവ് സോമനാഥ് ഭാരതിയും ദേശീയ വക്താവ് പ്രിയങ്ക കക്കറും പ്രളയം ബി.ജെ.പി സൃഷ്ടിയാണെന്ന് ആരോപിച്ചു. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും കിഴക്ക്, പടിഞ്ഞാറൻ കനാലുകൾ വറ്റിവരണ്ടുകിടക്കുകയാണ്. നീരൊഴുക്ക് ബോധപൂർവം ഡൽഹിയിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.