വീണ്ടും മഴ; ആശങ്ക ഒഴിയാതെ ഡൽഹി
text_fieldsന്യൂഡൽഹി: കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ യമുന നദിയിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും ആശങ്കയൊഴിയാതെ ഡൽഹി. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശനിയാഴ്ച രാവിലെ 205.33 മീറ്ററിലേക്കെത്തിയ യമുനയിലെ ജലനിരപ്പ് ഇപ്പോഴും അപകടരേഖക്ക് രണ്ടു മീറ്റർ ഉയരത്തിലാണുള്ളത്. അതേസമയം, ശനിയാഴ്ച വൈകീട്ട് വീണ്ടും കനത്ത മഴയുണ്ടായി.
വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെങ്കിലും ഡൽഹിയിൽ അടുത്ത രണ്ടു ദിവസം നേരിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ആശങ്ക വർധിപ്പിച്ചു. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അടുത്ത അഞ്ചു ദിവസം കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇതും നദിയിൽ വീണ്ടും ജലനിരപ്പ് ഉയരാൻ ഇടയാക്കിയേക്കും.
ഓടകളിലെയും മറ്റും മലിനജലം കലർന്നൊഴുകിയത് ഡൽഹി നിരത്തുകളിൽ വലിയ ദുർഗന്ധത്തിനിടയാക്കി. വെള്ളം ഒഴുകിപ്പോകാൻ തടസ്സം നേരിടുന്ന ഇടങ്ങളിൽ പ്രശ്നപരിഹാരത്തിനായി കരസേനയും നാവികസേനയും രംഗത്തുണ്ട്. വസീറാബാദ്, ചന്ദ്രവാൽ, ഓഖ്ല എന്നീ ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചതിനാൽ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വസീറാബാദ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജലനിരപ്പ് താഴ്ന്നാൽ ഉടൻ പ്ലാന്റ് പ്രവർത്തനം സജ്ജമാക്കാൻ സാധിച്ചേക്കും.
ഹരിയാനയിലെ ഹത്നികുണ്ഡിൽ നിന്നുള്ള മുഴുവൻ വെള്ളവും ഡൽഹിയിലേക്കാണ് ഒഴുക്കുന്നതെന്നും യു.പിയിലേക്ക് ഒരു തുള്ളി വെള്ളംപോലും തുറന്നുവിടുന്നില്ലെന്നും ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി. ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി. യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച 208.66 മീറ്റര്‍ എന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു. 1978ൽ രേഖപ്പെടുത്തിയ 207.49 മീറ്ററായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.