ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; മമത രാജിവെക്കണമെന്ന് 'നിർഭയ'യുടെ അമ്മ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ ഇരയായ 'നിർഭയ'യുടെ അമ്മ. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടെന്നും രാജിവെക്കണമെന്നും ആശാ ദേവി ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തന്‍റെ അധികാരം ഉപയോഗിക്കുന്നതിന് പകരം പ്രതിഷേധങ്ങൾ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ആശാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.
ബലാത്സംഗം ചെയ്യുന്നവർക്ക് വേഗത്തിൽ ശിക്ഷ ലഭിക്കുന്ന കാര്യം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗൗരവമായി എടുക്കുന്നത് വരെ ഓരോ ദിവസവും ഇത്തരം ക്രൂരതകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുമെന്നും ആശാദേവി പറഞ്ഞു.
കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽ പെൺകുട്ടികൾ സുരക്ഷിതരല്ലാതിരിക്കുകയും അവർക്കെതിരെ ഇത്തരം ക്രൂരതകൾ നടക്കുകയും ചെയ്യുമ്പോൾ, രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ആർക്കും മനസിലാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനീ ഡോക്ടറെ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാളെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കൽക്കട്ട ഹൈകോടതി കേസ് സി.ബി.ഐക്ക് കൈമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.