പൊതുഗതാഗതത്തിനായി 1500 ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ വാങ്ങാൻ ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: പൊതുഗതാഗത സംവിധാനത്തിലേക്ക് 1500 ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ വാങ്ങാനൊരുങ്ങി ഡൽഹി സർക്കാർ. ഡൽഹി ഇ.വി പോളിസി 2020 പ്രകാരം 10 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജ്ജിങ്, ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൽ സ്ഥാപിക്കും. വിവിധ കമ്പനികൾക്ക് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഡൽഹി ട്രാൻസ്പോർട് കോർപ്പറേഷൻ (ഡി.ടി.സി) അറിയിച്ചു.
അംബേദ്ക്കർ നഗർ ഡിപ്പോ, ജൽ വിഹാർ ടെർമിനൽ, ദിൽഷാദ് ഗാർഡൻ ടെർമിനൽ, കാരവൽ നഗർ ടെർമിനൽ, ഷാദിപൂർ ഡിപ്പോ, മായാപുരി ഡിപ്പോ, ബിന്ദ്പൂർ ടെർമിനൽ, ഈസ്റ്റ് വിനോദ് നഗർ, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. നാല് കമ്പനികൾ ഡി.ടി.സിയുമായി സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിടും.
അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 11 റൂട്ടുകളിൽ 75 അന്തർസംസ്ഥാന ബസ്സുകൾ ഓടിക്കാനാണ് ഡി.ടി.സി തീരുമാനം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് സർവിസുകൾ.
ചണ്ഡീഗഢ് - ഡൽഹി-ഋഷികേശ്, ഡൽഹി-ഹരിദ്വാർ, ഡൽഹി-ഡെറാഡൂൺ, ഡൽഹി-ഹൽദ്വാനി, ഡൽഹി-ആഗ്ര, ഡൽഹി-ബറേലി, ഡൽഹി-ലഖ്നോ, ഡൽഹി-ജയ്പൂർ, ഡൽഹി-ചണ്ഡീഗഢ്, ഡൽഹി-പാനിപ്പത്ത്, ഡൽഹി-പട്യാല എന്നീ 11 റൂട്ടുകളിലാണ് സർവിസ് നടത്തുക. ഇതിന് പുറമെ 38 നോൺ എ.സി, 37 എ.സി ഉൾപ്പെടെ 75 സി.എൻ.ജി ബസ്സുകളും പുതുതായി വാങ്ങുന്നുണ്ട്.
കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് വരുന്ന സ്ത്രീകൾക്ക് പരിശീലന വേളയിൽ നൽകുന്ന സ്റ്റൈപ്പൻഡ് 6000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്താനും ഡി.ടി.സി തീരുമാനിച്ചു. ബസ് ഡ്രൈവർമാരായി ജോലി തേടുന്ന സ്ത്രീകൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഹെവി ഡ്രൈവിങ് ലൈസൻസ് കൈവശം വയ്ക്കണമെന്ന നിബന്ധന ബോർഡ് മുമ്പ് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.