കേന്ദ്രത്തിന് തിരിച്ചടി; ഉദ്യോഗസ്ഥ നിയമനത്തിൽ ഡൽഹി സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒമ്പതുവർഷത്തോളമായി ഡൽഹിയുടെ അധികാരത്തിനായി നരേന്ദ്ര മോദി സർക്കാറുമായി ഏറ്റുമുട്ടുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാറിന് സുപ്രീംകോടതിയിൽ അന്തിമ വിജയം. മൂന്നു മേഖലകളിലൊഴികെ ഡൽഹിയുടെ ഭരണപരമായ അധികാരം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനായിരിക്കുമെന്നും ഡൽഹി സർക്കാറിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ലഫ്. ഗവർണർ ബാധ്യസ്ഥനാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
ഉദ്യോഗസ്ഥർക്ക് മേൽ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന ജസ്റ്റിസ് അശോക് ഭൂഷണിന്റെ 2019ലെ വിധി തള്ളിക്കളഞ്ഞ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്കുമേൽ നിയന്ത്രണമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനും ഉത്തരവാദിത്തം നിർവഹിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി, ഹിമ കൊഹ്‍ലി, പി.എം. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിയന്ത്രണാധികാരം ഡൽഹി സർക്കാറിന്
റവന്യൂ, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളൊഴികെ മുഴുവൻ സേവനങ്ങളിലും ഡൽഹി സർക്കാറിനായിരിക്കും പൂർണ നിയന്ത്രണാധികാരമെന്ന് ബെഞ്ച് വ്യക്തമാക്കി. ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ നിയമസഭക്കുള്ള അധികാരം ഐ.എ.എസ്, ജോയന്റ് കേഡർ സർവിസ് ഓഫിസർക്കുമേലുള്ളതിനാൽ ഡൽഹി സർക്കാർ റിക്രൂട്ട് ചെയ്തില്ലെങ്കിൽപോലും ആ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാം.
രാഷ്ട്രപതി ചുമതലപ്പെടുത്തിയ ലഫ്റ്റനന്റ് ഗവർണറുടെ വിവേചനാധികാരം നിയമസഭയുടെ അധികാരപരിധിക്കു പുറത്തുള്ള വിഷയങ്ങളിലായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവർണർക്ക് ഡൽഹിയുടെ മൊത്തം ഭരണാധികാരം നൽകിയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിന്റെ ഉദ്ദേശ്യം വൃഥാവിലാകും.
വൈരുധ്യമുള്ള വിഷയങ്ങളിൽ സംസ്ഥാന നിയമം സാധു
സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും ഭരണഘടനയുടെ സംസ്ഥാന പട്ടികയിലുള്ളതിനുപുറമെ സമാവർത്തി പട്ടികയിലെ വിഷയങ്ങളിൽ നിയമമുണ്ടാക്കാൻ അധികാരമുണ്ട്. എന്നാൽ, നിലവിലുള്ള കേന്ദ്രനിയമത്തെ ആശ്രയിച്ചിരിക്കുമത്.
അങ്ങനെയാണെന്നു കരുതി സംസ്ഥാനങ്ങളുടെ ഭരണം കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കരുതെന്ന് ഭരണഘടന ബെഞ്ച് ഓർമിപ്പിച്ചു. ഡൽഹിയുമായി ബന്ധപ്പെട്ട ഒരേ വിഷയത്തിൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമവും കേന്ദ്രം പാസാക്കിയ നിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ സംസ്ഥാന നിയമം ആയിരിക്കും സാധുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകളുള്ള ഭരണഘടനയുടെ 239 എഎ അനുച്ഛേദത്തിന് 2018ൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നൽകിയ വ്യാഖ്യാനമാണ് കേന്ദ്രവും ഡൽഹി സർക്കാറും തമ്മിലുള്ള അധികാര തർക്കമായി ഒടുവിൽ സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.