വിവാദ ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധി മറികടന്ന് ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമന-സ്ഥലംമാറ്റ അധികാരം കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാക്കിയ ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി സർക്കാർ സുപ്രീംകോടതിയിൽ. പാർലമെന്റിൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തോടെ ഓർഡിനൻസ് പരാജയപ്പെടുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിവരുന്ന നീക്കത്തിനു പുറമെയാണ് നിയമപരമായ വഴി തേടൽ. പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള സർക്കാർ സേവനങ്ങളുടെ നിയന്ത്രണാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, ഇതു മറികടക്കാൻ ദിവസങ്ങൾക്കകം മോദിസർക്കാർ ഓർഡിനൻസ് ഇറക്കി. ഇതോടെ ഗ്രൂപ്-എ വിഭാഗത്തിൽപെടുന്ന ഡൽഹി സർക്കാറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനും അച്ചടക്ക നടപടി സ്വീകരിക്കാനുമുള്ള അധികാരം വീണ്ടും കേന്ദ്ര സർക്കാർ പ്രതിനിധിയായ ലഫ്. ഗവർണർക്കായി.
ഈ സാഹചര്യത്തിലാണ് ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്. ഓർഡിനൻസ് റദ്ദാക്കണമെന്നും അതുവരെ അതു നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി മറികടക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം അട്ടിമറിക്കുന്നതുമാണ് ഓർഡിനൻസ്. ജനം തെരഞ്ഞെടുത്ത സർക്കാറിനെ ഒതുക്കുന്ന ഓർഡിനൻസ് ജനാധിപത്യ ഭരണക്രമത്തിനും വോട്ടറുടെ താൽപര്യത്തിനും വിരുദ്ധമാണെന്ന് ഹരജിയിൽ പറഞ്ഞു.
കേന്ദ്ര ഓർഡിനൻസിനെതിരായ നീക്കത്തിൽ മിക്ക പ്രതിപക്ഷ പാർട്ടികളും കെജ്രിവാൾ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിൽ പരസ്പരം പ്രതിയോഗിയാണെന്നിരിക്കേ, പാർലമെന്റിൽ ഓർഡിനൻസ് വരുന്ന സന്ദർഭത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ഉചിത തീരുമാനമെടുക്കുമെന്ന നിലപാടാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.