ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷം; കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ
text_fieldsന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യാക്കാനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടുപോകുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മലിനീകരണം കുറക്കാനായി ഇതിനോടകം നിരവധി മാർഗങ്ങൾ അവലംബിച്ചു കഴിഞ്ഞെന്നും മുൻവർഷത്തേക്കാൾ ഭേദപ്പെട്ട നിലയാണ് ഇപ്പോഴത്തേതെന്നും പരിസ്ഥിതി മന്ത്രി മജീന്ദർ സിങ് സിർസ പറഞ്ഞു.
“കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെങ്കിലും തരത്തിൽ മനുഷ്യന് ദോഷമുണ്ടാക്കുമോ എന്ന കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കും. ഇതിന്റെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധന നടത്തും. വ്യാപകമായി മഴ പെയ്യിക്കുന്ന കാര്യം പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ തലസ്ഥാന പ്രദേശത്തെ മലിനീകരണം കുറയ്ക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യം” -സിർസ പറഞ്ഞു.
ശൈത്യകാലത്ത് രാജ്യത്ത് ഏറ്റവും മോശം വായുവാണ് ഡൽഹിയിലുണ്ടാകാറുള്ളത്. വായു ഗുണനിലവാര സൂചികയിൽ 450 കടക്കുന്നത് ഇവിടെ പതിവാണ്. ഇതുമൂലം ശ്വാസകോശ രോഗങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വായു ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി ഉൾപ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡൽഹി സർക്കാറിന്റെ പുതിയ നീക്കം.
കൃത്രിമ മഴ
ആകാശത്തിലെ മഴമേഘങ്ങൾ തണുത്താണ് സാധാരണ മഴ പെയ്യുന്നത്. എന്നാൽ, കാർമേഘങ്ങൾ കൃത്രിമമായി ഘനീഭവിപ്പിച്ച് മഴ പെയ്യിക്കാറുണ്ട്. ഇതിനെ കൃത്രിമ മഴ എന്ന് പറയുന്നു. ഖരഹിമവും,സിൽവർ അയഡൈസ് പൊടിയും കൂട്ടിക്കലർത്തി കാർമേഘത്തിൽ വിതറിയാണ് സാധാരണയായി കൃത്രിമ മഴ പെയ്യിക്കുന്നത്. മേഘത്തിലെ ജലബാപ്ഷപം സിൽവർ അയനൈഡ് ന്യൂക്ലിയസിൽ വേഗം ദ്രവീകരിക്കും. ഖര ഹിമത്തിന്റെ തണുപ്പ് കൂടിയാകുമ്പോൾ മഴ വേഗം പെയ്യും. കറിയുപ്പ്, കാൽസ്യം ക്ലോറൈഡ് എന്നിവ നന്നായി പൊടിച്ച് കാർമേഘങ്ങളിൽ വിതറിയും മഴ പെയ്യിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.