പഴങ്ങൾ, മുളപ്പിച്ച ധാന്യം, സാലഡ്, നിലക്കടല; സർക്കാർ സ്‌കൂളിൽ ഇനി ‘മിനി സ്നാക്ക് ബ്രേക്ക്’
text_fieldsന്യൂഡൽഹി: കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഡൽഹി സർക്കാർ സ്‌കൂളുകളിൽ ലഘു ഭക്ഷണ ഇടവേളകളും രക്ഷാകർതൃ ബോധവത്കരണവും ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ അനുസരിച്ച്, സ്കൂൾ ടൈംടേബിളിൽ10 മിനിറ്റ് മിനി സ്നാക്ക് ബ്രേക്ക് ഉൾപ്പെടുത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി. ഉച്ചഭക്ഷണ ഇടവേളക്ക് രണ്ടര മണിക്കൂർ മുമ്പാകും ഇത്.
പഴങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ, സാലഡ്, വറുത്ത കടല, നിലക്കടല മുതലായവ ഉൾപ്പെടുന്ന ലഘുഭക്ഷണ പ്രതിവാര പട്ടിക തയ്യാറാക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിവതും ചെലവ് കുറഞ്ഞ ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതിൽ പറഞ്ഞ ഒരു ഭക്ഷണ സാധനമെങ്കിലും കൊണ്ടുവരാൻ വിദ്യാർഥികളോട് നിർദേശിക്കണം. സ്കൂളുകളുടെ മേധാവിയും ഹോം സയൻസ് അധ്യാപകനും ഇക്കാര്യം നിരീക്ഷിച്ച് വിലയിരുത്തണം.
ആരോഗ്യകരമായ ഭക്ഷണക്രമംമൂലം പഠനത്തിൽ ശ്രദ്ധ, ശാരീരിക വളർച്ച, ദഹനശേഷി എന്നിവ ഊന്നിപ്പറഞ്ഞ് ഹോം സയൻസ് അധ്യാപകരുമായി കൂടിയാലോചിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാനാണ് മറ്റൊരു നിർദേശം. സ്‌കൂളിലെ ഹോം സയൻസ് അധ്യാപകർ നിർദേശിക്കുന്നപോലെ കുറഞ്ഞ ചെലവിൽ ഉയർന്ന പോഷകമൂല്യമുള്ള വിഭവങ്ങൾ തയാറാക്കാൻ മാതാപിതാക്കളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിനും കൗൺസിലിങ് സെഷനുകളിൽ നിർദേശിക്കണമെന്ന് അതിൽ പറയുന്നു. ഉയർന്ന പോഷകമൂല്യങ്ങളുള്ള ഇതര വിഭവങ്ങൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.