ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഇനി രാത്രിയിലും; സൗകര്യമൊരുക്കി ഡൽഹി സർക്കാർ
text_fieldsഡൽഹി: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനായി ഡൽഹി നിവാസികൾക്ക് ഇനി ഒരു ദിവസം മാറ്റിവെക്കേണ്ട. തൊഴിൽ സമയത്തിന് ശേഷം രാത്രികാല െെഡ്രവിങ് ടെസ്റ്റിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുകയാണ് ഡൽഹി സർക്കാർ. മയൂർ വിഹാർ, ഷക്കൂർബസ്തി, വിശ്വാസ് നഗർ എന്നിവിടങ്ങളിൽ മൂന്ന് ടെസ്റ്റ് ട്രാക്കുകളാണ് തയ്യാറാക്കിയത്. ഓട്ടോമാറ്റിക് ട്രാക്കിൽ വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ ടെസ്റ്റ് നടക്കും. ഓരോ ട്രാക്കിലും ഒരു ദിവസം 45 പേർക്ക് ടെസ്റ്റിനുള്ള സൗകര്യമുണ്ടാവും. മൂന്ന് ട്രാക്കുകളിലായി പ്രതിദിനം 135 പേർക്ക് പങ്കെടുക്കാം.
ഏപ്രിൽ 30നും മെയ് 24നും ഇടയിൽ ഉദ്യോഗസ്ഥർ നടത്തിയ പൈലറ്റ് ടെസ്റ്റ് സമയത്ത് മൂന്ന് സ്ഥലങ്ങളിലെ ട്രാക്കുകളിലുമായി 2565 ബുക്കിങുകളാണ് ഉണ്ടായത്. സമാനമായ 12 ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് മാരുതി സുസുക്കി ഫൗണ്ടേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ മേൽനോട്ടത്തിന്റെ ചുമതല റോസ്മെർത ടെക്നോളജി ലിമിറ്റഡിനും നൽകി. 12 ട്രാക്കുകൾ സ്ഥാപിക്കുന്നതോടെ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 3000 ആയി ഉയർത്തും.
ഉയർന്ന റെസല്യൂഷനുള്ള 17 ക്യാമറകൾ ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കും. വീഡിയോകൾ പരിശോധിക്കുന്നതിനും പരിശോധനാ ഫലങ്ങളിൽ സുതാര്യത നിലനിർത്തുന്നതിനുമായി ആറ് സെർവറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഫലവും സോഫ്‌റ്റ്‌വെയറിൽ സ്വയം അപ്‌ലോഡ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.