കോവിഡ് കേസുകളിൽ കുറവ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഡൽഹി
text_fieldsവാരാന്ത്യ കർഫ്യൂ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഡൽഹി. രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ശുപാർശ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബയ്ജലിന്‍റെ അനുമതിക്കായി കൈമാറിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്കും മാളുകൾക്കുമുൾപ്പെടെ ബാധകമായ ഒറ്റ-ഇരട്ട സംവിധാനം നിർത്തലാക്കാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് 50 ശതമാനം പേരുമായി പ്രവർത്തനം തുടരാനും നിർദേശം തേടിയിട്ടുണ്ട്.
കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ നിർത്തലാക്കിയിരുന്നു. ഒറ്റ -ഇരട്ട സംവിധാനത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നു. രാവിലെ 10 മുതൽ വെകുന്നേരം അഞ്ച് വരെ വാരാന്ത്യ കർഫ്യൂ, രാത്രി കാല കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഡൽഹിയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്നു.
12,306 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസുകളിലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കിലും കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. തലസ്ഥാനത്ത് കോവിഡ് അഞ്ചാം തരംഗം ഉണ്ടായതായും വരും ദിവസങ്ങളിൽ കേസുകൾ കുറയാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞയാഴ്ച്ച ജെയിൻ അറിയിച്ചിരുന്നു. രാത്രി കർഫ്യൂ ഉൾപ്പെടെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് രോഗ വ്യാപനം തടയാൻ സഹായകമായതെന്നും ജെയിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.