ഡൽഹിക്ക് ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ ഓക്സിജൻ; കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നടപടിക്കെതിരെയുള്ള ഡൽഹി സർക്കാറിന്‍റെ ഹരജിയിൽ കേന്ദ്രത്തോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈകോടതി. മധ്യപ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെട്ടതിലും കൂടുതൽ ഓക്സിജൻ അനുവദിച്ചിട്ടും ഡൽഹിക്ക് ആവശ്യമായത് ലഭിക്കുന്നില്ലെന്ന പരാതിയാണ് കെജ്രിവാൾ സർക്കാർ ഹൈകോടതിയെ അറിയിച്ചത്.
ഡൽഹി സർക്കാറിന്‍റെ വാദം ശരിയാണെങ്കിൽ വിശദീകരണം നൽകണമെന്ന് കോടതി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയ ഓക്സിജൻ വിതരണത്തിന്‍റെ വിശദാംശങ്ങൾ ഡൽഹി സർക്കാർ കോടതിയിൽ വായിച്ചു കേൾപ്പിച്ചു. ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്സിജനാണ് വേണ്ടത്. എന്നാൽ കേന്ദ്രം അനുവദിച്ചത് 480മെട്രിക് ടൺ ഓക്സിജൻ മാത്രമാണ്. ഇത് പിന്നീട് 490 ആയി വർധിപ്പിച്ചുവെന്നും ഡൽഹി സർക്കാർ അറിയിച്ചു.
''മധ്യപ്രദേശിനും മഹാരാഷ്ട്രക്കും അവർ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ ഓക്സിജൻ ലഭിച്ചതും ഡൽഹിക്ക് ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ ഓക്സിജൻ നൽകിയതും എന്തുകൊണ്ടാണ്.'' -കോടതി ആരാഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
മറ്റേതെങ്കിലും സംസ്ഥാനത്തിനോ കേന്ദ്ര ഭരണ പ്രദേശത്തിനോ നൽകേണ്ടതായ ഓക്സിജൻ നൽകി ആവശ്യമുള്ളതിലും കൂടുതൽ ഓക്സിജൻ ഡൽഹിക്ക് നൽകുന്നത് തങ്ങൾ താൽപര്യപ്പെടുന്നില്ല, എന്നാൽ ഡൽഹി സർക്കാർ സമർപ്പിച്ച വഷയം അംഗീകരിക്കുന്നുണ്ടെങ്കിൽ കേന്ദ്രം അക്കാര്യത്തിൽ വിശദീകരണം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്‍റെ വാദവും സത്യവാങ്മൂലവും അടിസ്ഥാനമാക്കിയാവും തങ്ങളുടെ അന്തിമ കണ്ടെത്തലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.