കുഞ്ഞുങ്ങൾക്കിടയിലെ കോവിഡ് മരണം വർധിക്കുന്നു; സംസ്കരിക്കാൻ സ്ഥലമില്ലാതെ കുഴങ്ങി ഡൽഹി
text_fieldsന്യൂഡൽഹി: കേവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. കോവിഡ് മരണങ്ങൾ കാരണം സംസ്ഥാനത്തെ ശ്മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാർത്തയായിരുന്നു. രണ്ടാം തരംഗത്തിൽ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വരികയാണ്.
ഒരാഴ്ചക്കിടെ ഒമ്പത് മാസം പ്രായമായ കൃഷു, അഞ്ച് മാസം പ്രായമായ പാരി എന്നീ രണ്ട് കുഞ്ഞുങ്ങളെയാണ് സീമാപുരി ശ്മശാനത്തിൽ സംസ്കരിച്ചത്. രണ്ടാം കോവിഡ് തരംഗത്തിന് ശേഷം രാജ്യതലസ്ഥാനത്ത് 2000ത്തിലധികം മൃതദേഹങ്ങൾ സംസ്കരിക്കാൻ സഹായിച്ച സാമൂഹിക പ്രവർത്തകനും മുൻ നിയമസഭാംഗവുമായ ജിതേന്ദ്ര സിങ് ശൗണ്ടി ഈ രണ്ട് കുട്ടികളുടെയും മൃതദേഹം ഏറ്റുവാങ്ങവെ കരഞ്ഞുപോയ അവസ്ഥ വിവരിച്ചിരുന്നു.
'കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മൂന്ന് ശിശുക്കളുടെയും ഒരു ഗർഭസ്ഥ ശിശുവിന്‍റെയും മൃതദേഹങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്. സാധാരണയായി ഞങ്ങൾ കുട്ടികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാറില്ല. ഒന്നുകിൽ അവരെ മറവ് ചെയ്യുകയോ അല്ലെങ്കിൽ നദിയിൽ ഒഴുക്കുകയോ ആണ് ചെയ്യാറ്. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്നത് അണുബാധ പടർത്തുമെന്നാണ് കരുതുന്നത്' -ശൗണ്ടി പറഞ്ഞു.
ആദ്യ തരംഗത്തെ അപേക്ഷിച്ച് കൂടുതൽ കുട്ടികളാണ് ഇപ്പോൾ കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം മഹാമാരി പിടിപെട്ട് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നു.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കൃഷുവിന് തിങ്കളാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ജി.ടി.ബി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രക്തത്തിലെ ഓക്സിജന്റെ അളവ് 31 ശതമാനമായി (90 ശതമാനത്തിൽ കൂടുതലാണ് വേണ്ടത്) കുറഞ്ഞു. വ്യാഴാഴ്ചയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. 18 ദിവസങ്ങൾക്ക് മുമ്പ് കൃഷുവിന്‍റെ മാതാവിന് കോവിഡ് ബാധിച്ചിരുന്നു.
അതിന് തൊട്ടുമുമ്പാണ് അഞ്ച് മാസം പ്രായമായ പാരിയും കോവിഡ് ബാധിച്ച് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന പാരി ന്യുമോണിയയും ഹൃദയാഘാതവും വന്നാണ് മരിച്ചത്. ശ്മശാനത്തിന്റെ അരികിലായി ഒഴിഞ്ഞുകിടന്ന ഇത്തിരി സ്ഥലത്താണ് രണ്ട് കുഞ്ഞുങ്ങൾക്കും അന്ത്യവിശ്രമമൊരുക്കിയതെന്ന് ശഹീദ് ഭഗത് സിങ് സേവാദൾ വളണ്ടിയർമാർ പറഞ്ഞു.
കുട്ടികളെ മറവ് ചെയ്യാനുള്ള സ്ഥലപരിമിതി നേരിടുന്നതായാണ് സന്നദ്ധ പ്രവർത്തകർ പരാതിപ്പെടുന്നത്. വലിയ ശ്മശാനങ്ങളായ നിഗംബോദ് ഘട്ട്, ഗാസിപൂർ ഘട്ട് എന്നിവിടങ്ങളിൽ ശിശുക്കളുടെ മൃതദേഹങ്ങൾ എടുക്കാൻ വ്യവസ്ഥയില്ല.
'കോവിഡ് ബാധിച്ച് മരിച്ച ശിശുക്കളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ ഞങ്ങൾ എടുക്കുന്നില്ല. ഞങ്ങൾക്ക് അവരെ സംസ്കരിക്കാനുള്ള സ്ഥലമില്ല. കോവിഡ് ബാധിച്ച് മരിച്ച കുട്ടികളുടെ ശവസംസ്കാരത്തിന് പ്രത്യേക പ്രോട്ടോക്കോൾ ഇല്ല' -നിഗംബോദ് ഘട്ട് സഞ്ചലൻ സമിതി ജനറൽ സെക്രട്ടറി സുമൻ ഗുപ്ത പറഞ്ഞു. ഡൽഹിയിലെ മൂന്ന് മുനിസിപ്പാലിറ്റികൾ ഇപ്പോൾ ശിശുക്കൾക്കുള്ള ശ്മശാനങ്ങൾക്കായി വഴി തേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.