അന്തേവാസികൾക്ക് പീഡനം: ആശ്രമ മേധാവിയെ പിടികൂടണമെന്ന് കോടതി
text_fieldsന്യൂഡൽഹി: നിയമവിരുദ്ധമായും മൃഗസമാനമായ രീതിയിലും സ്ത്രീകളെ പാർപ്പിച്ച ഡൽഹിയിലെ ആധ്യാത്മിക് വിശ്വവിദ്യാലയ ആശ്രമത്തിെൻറ മേധാവിയെ കണ്ടുപിടിച്ച് ഹാജരാക്കണമെന്ന് ഡൽഹി ഹൈകോടതി ഉത്തരവ്. കോടതി നിർദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയിൽ 40 സ്ത്രീകളെ മോചിപ്പിച്ച ശേഷമാണ് ആശ്രമത്തിെൻറ തലവനും 70കാരനുമായ വീരേന്ദ്ര ദേവ ദീക്ഷിതിനെ ജനുവരി നാലിന് മുമ്പ് ഹാജരാക്കാൻ നിർദേശമുണ്ടായത്. സി.ബി.െഎയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
ആശ്രമത്തിലെ 168 അന്തേവാസികളുടെയും ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡൽഹി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. സ്വയം പ്രഖ്യാപിത ആൾദൈവമായ വീരേന്ദ്ര ദേവ ദീക്ഷിത്, താൻ ശ്രീകൃഷ്ണെൻറ പുനരവതാരമാണെന്നും പുരാണങ്ങളിൽ പറയുന്നതുപോലെ സ്ത്രീകളുടെ അകമ്പടി വേണമെന്നുമാണ് അവകാശപ്പെടുന്നത്.
ഹരിയാനയിലെ സിർസയിലുള്ള ഗുർമീത് റാം റഹീം സിങ്ങിെൻറ ആശ്രമത്തിലേതിന് സമാനമായ ആരോപണം ഇൗ ആശ്രമത്തിനെതിരെയും ഉയർന്നതിനെ തുടർന്നാണ് സന്നദ്ധ സംഘടനയുടെ ഹരജിയും കോടതി ഇടപെടലും. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾ അടക്കമുള്ളവരെ വെളിച്ചംപോലും കടക്കാത്ത മുറികളിൽ, സ്വകാര്യത നിഷേധിച്ച് പാർപ്പിച്ചതായി കഴിഞ്ഞദിവസം പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആശ്രമത്തിനുള്ളിൽനിന്ന് പെൺകുട്ടികളെ കണ്ടുപിടിക്കാൻ രണ്ടുമണിക്കൂറോളം വേണ്ടിവന്നതായാണ് കോടതി നിർദേശപ്രകാരം പൊലീസ് സംഘത്തിനൊപ്പം പരിശോധനക്കു പോയ ഡൽഹി വനിത കമീഷൻ ചെയർപേഴ്സൻ സ്വാതി മാലിവാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
‘‘പരിശോധന സംഘത്തെ ജീവനക്കാർ ആക്രമിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച കത്തുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്വാതി മാലിവാൾ പറഞ്ഞു. അഭിഭാഷകർകൂടി ഉൾപ്പെട്ട സംഘം ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ആശ്രമ അന്തേവാസികളുടെ ജീവിത സാഹചര്യത്തെ ഭീകരമെന്നാണ് വിശദീകരിച്ചത്. ആരെയും ബലമായി പാർപ്പിച്ചിട്ടില്ലെന്നും സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരമാണ് പാർക്കുന്നതെന്നും ആശ്രമം അധികാരികൾ വാദിച്ചപ്പോൾ, പിന്നെന്തിനാണ് മൃഗങ്ങളെപ്പോലെ പൂട്ടിയിട്ടിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.