പതഞ്ജലിയുടെ കൊറോണിൽ ഉപയോഗിച്ചാൽ കോവിഡ് ഭേദമാകുമെന്ന പരാമർശം പിൻവലിക്കണമെന്ന് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: പതഞ്ജലിയുടെ കൊറോണിൽ ഉപയോഗിച്ചാൽ കോവിഡ് 19 ഭേദമാകുമെന്ന അവകാശവാദം പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് ഡൽഹി കോടതി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന ലൈസൻസാണ് കൊറോണലിന് ഉള്ളത്. ഇതാണ് കോവിഡിനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി പരസ്യം ചെയ്യുന്നത്.
കോവിഡ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചതിന് കാരണം അലോപ്പതി മരുന്നുകളാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഈ പരാമർശവും പിൻവലിക്കാൻ ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസത്തിനകം പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നാണ് കോടതി നിർദേശം. അല്ലാത്ത പക്ഷം സാമൂഹിക മാധ്യമങ്ങൾ സ്വമേധയാ ഈ പരാമർശങ്ങൾ നീക്കണമെന്നും ഉത്തരവിലുണ്ട്.
2021ൽ ഡോക്ടർമാരുടെ വിവിധ സംഘടനകളാണ് ബാബാ രാംദേവിനും സഹായി ആചാര്യ ബാലകൃഷ്ണക്കുമെതിരെ പരാതി നൽകിയത്. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ബാബാ രാംദേവിനെ വിലക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടത്.
അലോപ്പതി മരുന്നുകളാണ് കോവിഡ് മരണം വർധിപ്പിച്ചതെന്ന രാംദേവിന്റെ പരാമർശം മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂലൈ 12ന് ദിവ്യ ഫാർമസിയും പതഞ്ജലി ആയുർവേദ ലിമിറ്റഡും ഉൽപ്പാദിപ്പിക്കുന്ന 14 ആയുർവേദ മരുന്നുകളുടെ വിൽപ്പന യു.പിയിലെ ഗൗതം ബുദ്ധ നഗറിൽ നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.