അരമണിക്കൂർ അന്യായ തടങ്കലിന് 50,000 രൂപ നഷ്ടപരിഹാരം നൽകണം
text_fieldsന്യൂഡൽഹി: അന്യായമായി അരമണിക്കൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലടച്ച ആൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈകോടതി ഉത്തരവിട്ടു. തെറ്റുചെയ്ത രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. പൗരന്മാരോടുള്ള പൊലീസുകാരുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും അർഥവത്തായ സന്ദേശം നൽകാനാണ് ഇത്തരമൊരു വിധിയെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി. തടങ്കൽ അരമണിക്കൂർ മാത്രമാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം. ഒരു സ്ത്രീയും പച്ചക്കറി വിൽപനക്കാരനും തമ്മിലുള്ള തർക്കത്തിലാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പരാതിക്കാരൻ പറഞ്ഞു.
ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ഒരു കാരണവുമില്ലാതെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് അര മണിക്കൂർ ലോക്കപ്പിലടക്കുകയായിരുന്നു. ധിക്കാരപൂർവം പൗരന്റെ സ്വാതന്ത്ര്യം ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.