സുനന്ദ പുഷ്കർ കേസ്: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹരജി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: ശശി തരൂർ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കർ കൊല്ലപ്പെട്ട കേസിൽ എസ്.െഎ.ടി അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. സ്വാമിയുടെ രാഷ്ട്രീയനീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഹൈകോടതി, ‘രാഷ്ട്രീയതാൽപര്യ നിയമവ്യവഹാരത്തിെൻറ’ പാഠപുസ്തക ഉദാഹരണം എന്നു വിശേഷിപ്പിച്ചാണ് ഹരജി തള്ളിയത്. സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടാണ് സുബ്രമണ്യൻ സ്വാമിയും അഡ്വ. ഇഷ്കരൺ ഭണ്ഡാരിയും ജൂലൈയിൽ ഹരജി നൽകിയത്. ക്രിമിനൽ നീതിന്യായപ്രക്രിയയുടെ അങ്ങേയറ്റത്തെ മെല്ലെപ്പോക്കിെൻറ ഏറ്റവും മികച്ച ഉദാഹരണമാണ് സുനന്ദ പുഷ്കർ വധക്കേസ് എന്നായിരുന്നു സ്വാമിയുടെ വാദം. കോടതി മേൽനോട്ടത്തിൽ, സി.ബി.െഎ നേതൃത്വത്തിൽ പ്രത്യേക സംഘത്തിെൻറ അന്വേഷണമായിരുന്നു ആവശ്യം.
എന്നാൽ, കേസിനെ ശശി തരൂർ സ്വാധീനിച്ചുവെന്ന സ്വാമിയുടെ വാദം അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും ബോധിപ്പിച്ചു. സ്വാമിയുടെ ഹരജി അനുവദിക്കരുതെന്നാവശ്യെപ്പട്ട് സുനന്ദയുടെ മകൻ ശിവമേനോനും ഹരജി നൽകിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്വാമിയുടെ ഹരജി ഒരു പൊതുതാൽപര്യഹരജിയായി പരിഗണിക്കാൻ കഴിയിെല്ലന്ന് ജസ്റ്റിസുമാരായ എസ്. മുരളീധർ, െഎ.എസ്. മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പൊതുതാൽപര്യഹരജിയുടെ വേഷംകെട്ടിച്ച രാഷ്ട്രീയതാൽപര്യ ഹരജിയുടെ ഒന്നാന്തരം ഉദാഹരണമാണിതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായെന്ന് ഹൈകോടതി തുടർന്നു.
തരൂരിനും ഡൽഹി പൊലീസിനുമെതിരായ തെൻറ ആരോപണങ്ങളുടെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സ്വാമി പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു. ആരോപണങ്ങൾക്കു പിന്നിലുള്ള അടിസ്ഥാനമെെന്തന്ന് കൃത്യമായി ചോദിച്ചപ്പോൾ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ചോദിക്കുകയാണ് സ്വാമി ചെയ്യുന്നതെന്ന് കോടതി വിമർശിച്ചു. മറച്ചുവെച്ച വിവരങ്ങളെന്താണെന്ന് ബി.ജെ.പി നേതാക്കൾ നേരേത്ത പറയേണ്ടതായിരുന്നുവെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. 2014 ജനുവരി 17നാണ് ഡൽഹിയിലെ ഹോട്ടൽമുറിയിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.