ഇ. അബൂബക്കറിന്റെ ആരോഗ്യ സ്ഥിതി: റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ഇ. അബൂബക്കറിന്റെ ആരോഗ്യ സ്ഥിതിയും ചികിത്സയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടു. വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
അബൂബക്കറിനെ ചികിത്സക്കായി എയിംസിൽ പ്രവേശിപ്പിക്കണമെന്ന വിചാരണ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹരജിയിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) നോട്ടീസ് അയച്ച കോടതി അബൂബക്കറിന്റെ ആരോഗ്യ സ്ഥിതിയും എയിംസിൽ ലഭ്യമായ ചികിത്സയും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ മെഡിക്കൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. അതേസമയം, അബൂബക്കറിന് ജയിലിൽ മതിയായ പരിചരണം നൽകുന്നുണ്ടെന്ന് എൻ.ഐ.എക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനാരോഗ്യം കാരണം ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അബൂബക്കർ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിചാരണ കോടതിയെ സമീപിക്കുന്നതിനായി ഈ ഹരജി പിന്നീട് പിൻവലിച്ചു. അർബുദബാധിതനായ താൻ കടുത്ത വേദനയാണ് അനുഭവിക്കുന്നതെന്നും അതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അബൂബക്കർ ഹൈകോടതിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് കേരളത്തിൽ നിന്ന് അബൂബക്കറിനെയും അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ തിഹാർ ജയിൽ മെഡിക്കൽ സൂപ്രണ്ടിന് ഡൽഹി ഹൈകോടതി നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.