ഇ.ഡിക്ക് തിരിച്ചടി; റാണ അയൂബിന് വിദേശയാത്ര അനുമതി നൽകി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തക റാണാ അയൂബിനെ വിദേശയാത്രയിൽനിന്ന് തടഞ്ഞ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റിന് തിരിച്ചടിയായി ഡൽഹി ഹൈകോടതി വിധി. ഡൽഹി ഹൈകോടതി റാണക്ക് വിദേശയാത്രാനുമതി നൽകി. തന്‍റെ വിദേശയാത്ര തടഞ്ഞ ഇ.ഡിയുടെ നടപടി ചോദ്യംം ചെയ്തുകൊണ്ട് നൽകിയ റിട്ട് ഹരജി പരിഗണിച്ച കോടതി ഉപാധികളോടെയാണ് യാത്രാനുമതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് ഒരു പരിപാടിയിൽ പങ്കെടുക്കാനായി ലണ്ടനിലേക്ക് തിരിക്കാനിരിക്കെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ റാണാ അയൂബിനെ ഇ.ഡി തടഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലുക്കൗട്ട് സർക്കുലർ ഇറക്കിയായിരുന്നു ഇ.ഡി നടപടി. ഇതിനെതിരെ മുതിർന്ന അഭിഭാഷകയായ വൃന്ദ് ഗ്രോവർ മുഖേനെയാണ് അവർ ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയത്.
നിശ്ചിത തുക നിക്ഷേപിക്കുക, വിദേശത്ത് എവിടെയാണ് താമസിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിയെ അറിയിക്കുക, ഫോൺ നമ്പർ കൈമാറുക തുടങ്ങിയ നിബന്ധനകളാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്റർനാഷനൽ സെന്റർ ഫോർ ജേണലിസ്റ്റ്‌സ്(ഐ.സി.എഫ്.ജെ) ഈ മാസം ആറുമുതൽ 10 വരെ ഇറ്റലിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ജേണലിസം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് റാണയെ ഇ.ഡി തടഞ്ഞുവച്ചത്.
ഏപ്രിൽ ഒന്നിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം. എന്നാൽ, യാത്ര തടഞ്ഞതിനുശേഷം മാത്രമാണ് ഇ.ഡി സമൻസ് നൽകിയതെന്ന് റാണാ അയ്യൂബ് ആരോപിച്ചു. യാത്രാവിവരം ആഴ്ചകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതായി റാണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.