കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. സർക്കാർ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിതെന്നും കോടതി ഇടപെടേണ്ടതല്ലെന്നും ഹൈകോടതി വ്യക്തമാക്കി. സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്.
അതേസമയം, ഇ.ഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. നേരത്തെ, മാർച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാനാണ് ഇ.ഡി നീക്കം.
മദ്യനയ കേസില്‍ സത്യം ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് കെജ്രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞിരുന്നു. തെളിവ് സഹിതം കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുനിത ഇന്നലെ വ്യക്തമാക്കിയത്.
അടിയന്തര മോചനത്തിനുള്ള കെജ്രിവാളിന്റെ ഇടക്കാല ആവശ്യം ഇന്നലെ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. കെജ്രിവാളിന്റെ അപേക്ഷയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ മറുപടി കിട്ടാതെ തീർപ്പ് കൽപിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ച് വിധി. ഇ.ഡി അറസ്റ്റിനും റിമാൻഡിനുമെതിരെ കെജ്രിവാൾ സമർപ്പിച്ച ഹരജിയിലും ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷയിലും മറുപടി നൽകാൻ ഇ.ഡിക്ക് ഡൽഹി ഹൈകോടതി ഏപ്രിൽ രണ്ട് വരെ സമയം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.